Sunday, May 5, 2024
EntertainmentkeralaNewsObituary

അഞ്ച് വയസുകാരിയെ കൊലപാതകം: രോഷം പങ്കിട്ട് സിദ്ദിഖ്

ആലുവ: ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളക്കര. പൊലീസിനെ വിമര്‍ശിച്ച് കൊണ്ട് വിവിധ ഭാഗങ്ങളില്‍ നിന്നും രോഷം ഉയരുകയാണ്. പ്രതിയെ നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ഈ അവസരത്തില്‍ നടന്‍ സിദ്ദിഖ് പങ്കുവച്ചൊരു പോസ്റ്റാണ് വൈറല്‍ ആകുന്നത്.             നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ ക്ലൈമാക്‌സിനോട് അടുത്ത സീനാണ് സിദ്ദിഖ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് നടന്‍ എത്തുന്നത്. ചിത്രത്തില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ മധ്യവയസ്‌കനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യുന്ന സീനാണ് വീഡിയോയില്‍ ഉള്ളത്. ‘നമ്മള്‍ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ. ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീര്‍പ്പിക്കാനോ. കൊറേണ്ണം കിടപ്പുണ്ടല്ലോ അവിടെ. ഒറ്റകയ്യനും കൈ ഇല്ലാത്തവനുമൊക്കെയായിട്ട്. ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാ’, എന്ന സംഭാഷണം ആണ് സീനില്‍ സിദ്ദിഖ് പറയുന്നത്.

ആലുവയില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. അതിനു മുന്നോടിയായി മൃതദേഹം കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിക്കും. ഒന്നര വര്‍ഷം മുന്‍പാണ് അസ്ഫക് ആലം കേരളത്തില്‍ എത്തിയത്. ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ ജോലികള്‍ ചെയ്തിട്ടുണ്ട്. കൂടാതെ മൊബൈല്‍ മോഷണ കേസിലും ഇയാള്‍ മുന്‍പ് പ്രതി ആയിട്ടുണ്ട്. പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ പറഞ്ഞു. പ്രതിയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി കസ്റ്റഡിയിലുണ്ട്. അയാള്‍ക്ക് കുറ്റത്തില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. മദ്യ ലഹരിയിലായിരുന്ന പ്രതിയില്‍ നിന്നും ഒരു സൂചനയും കിട്ടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.