Friday, May 17, 2024
indiaNews

അതിര്‍ത്തിയില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങണമെന്ന് ചൈനയോട് ഇന്ത്യ;

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തുടരുന്ന സൈനിക പ്രതിരോധം പിന്‍വലിക്കുന്നതില്‍ വീണ്ടും ചര്‍ച്ച നടന്നു.അതിര്‍ത്തിയില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു.അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാനായി ഇരു രാജ്യങ്ങളുടെയും സൈനിക വൃത്തങ്ങള്‍ തമ്മില്‍ നടത്തുന്ന ഒന്‍പതാംവട്ട ചര്‍ച്ചയിലാണ് ഇന്ത്യയുടെ ആവശ്യം. സംഘര്‍ഷ സാദ്ധ്യതയുളള ചിലയിടങ്ങള്‍ സ്വന്തമാണെന്ന ഇരു രാജ്യങ്ങളുടെയും വാദങ്ങള്‍ പരിശോധനാ വിധേയമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കിഴക്കന്‍ ലഡാക്കിലെ മോള്‍ഡോയില്‍ ഞായറാഴ്ച രാവിലെ 10ന് ആരംഭിച്ച ചര്‍ച്ച സമാപിച്ചപ്പോള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ആയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ ചര്‍ച്ച നയിച്ചത് ലഫ്.ജനറല്‍ പി.ജി.കെ മേനോന്‍ ആണ്. അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളുടെ ഉടമസ്ഥാവകാശം തന്നെയാണ് ചര്‍ച്ച നീണ്ടുപോകാന്‍ കാരണമായത്.

2020 ആരംഭത്തില്‍ ലഡാക്കിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ഇന്ത്യയും ചൈനയും ഒരുലക്ഷം സൈനികരെയാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വിന്യസിച്ചത്. ഒക്ടോബര്‍ 12ന് നടന്ന ഏഴാംവട്ട ചര്‍ച്ചയില്‍ ചൈന ഇന്ത്യയോട് പാങ്ഗോംഗ് ത്സൊ തടാകക്കരയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവിഭാഗവും സൈനികരെ പിന്‍വലിക്കണമെന്നാണ് അന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. നവംബര്‍ ആറിന് നടന്ന എട്ടാംവട്ട ചര്‍ച്ചയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചിലയിടങ്ങളിലെ സൈനികരെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ കൂടിയാലോചനയ്ക്കും സഹകരണത്തിനുമുളള ഒരു യോഗം ഡിസംബര്‍ മാസത്തില്‍ നടന്നിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ അഞ്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നത്. എന്നാല്‍ ചര്‍ച്ചയുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.