Friday, May 3, 2024
indiakeralaNews

വിമാനടിക്കറ്റുകളുടെ റീഫണ്ട് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

കഴിഞ്ഞ വര്‍ഷം കൊറോണ വൈറസ് പ്രതിരോധ നടപടിയില്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ സമയത്ത് റദ്ദാക്കിയ ഫ്‌ളൈറ്റുകളുടെ ടിക്കറ്റ് തുക, യാത്രക്കാര്‍ക്ക് മടക്കിനല്‍കുന്നതില്‍ എയര്‍ലൈന്‍ കമ്പനികള്‍ വീഴ്ച വരുത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ( M o C A ). കഴിഞ്ഞ ബുധനാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

 

യോഗത്തില്‍ ക്രെഡിറ്റ് ഷെല്ലുകള്‍ റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറി എയര്‍ലൈന്‍ കമ്പനികളുമായി സംസാരിച്ചു. പണം തിരികെ നല്‍കാത്ത എയര്‍ലൈന്‍ കമ്പനികള്‍ അവ എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. റദ്ദാക്കിയ പിഎന്‍ആറുകള്‍ക്ക് ബുക്കിങ് തുക ക്രെഡിറ്റ് ആയി നല്‍കുന്ന സംവിധാനമായ ക്രെഡിറ്റ് ഷെല്‍ വഴിയാണ് ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് തിരികെ നല്‍കുന്നത്. ഇതിലുള്ള ക്രെഡിറ്റ് തുക ഭാവിയിലെ ബുക്കിങ്ങിനായി യാത്രക്കാര്‍ക്ക്        ഉപയോഗിക്കാന്‍ കഴിയും.

എല്ലാ ക്രെഡിറ്റ് ഷെല്ലുകളും റീഫണ്ട് ചെയ്തതായി ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ യോഗത്തില്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ഇതുവരെ 1,030 കോടി രൂപ തിരികെ നല്‍കിയതായി ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന കമ്പനിയായ ഇന്‍ഡിഗോ അറിയിച്ചു. 99.95 ശതമാനം ഉപഭോക്തൃ ക്രെഡിറ്റ് ഷെല്ലുകളും റീഫണ്ടുകളും പൂര്‍ത്തിയാക്കിയതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയിലെ ബജറ്റ് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് ഇതുവരെ യാത്രക്കാരുടെ ക്രെഡിറ്റ് ഷെല്ലുകള്‍ റീഫണ്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയ്ക്കും ക്രെഡിറ്റ് ഷെല്ലുകളുടെ റീഫണ്ട് പൂര്‍ത്തിയാക്കാനായിട്ടില്ല. 5.25 ലക്ഷം യാത്രക്കാരുടെ ക്രെഡിറ്റ് ഷെല്ലുകളിലായി ഏകദേശം 2000 കോടി രൂപയാണ് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് നല്‍കാനുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എയര്‍ ഏഷ്യ, വിസ്താര തുടങ്ങിയ കമ്പനികളുടെ കാര്യവും വ്യത്യസ്തമല്ല.

2020 മെയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റ് തുകകള്‍ മടക്കിനല്‍കാന്‍ 2020 സെപ്റ്റംബറില്‍ സുപ്രീംകോടതി വിമാനക്കമ്പനികളോട് നിര്‍ദ്ദേശിച്ചിരുന്നു. 2020 മാര്‍ച്ച് 25 മുതല്‍ 2020 ഏപ്രില്‍ 14 വരെയുള്ള ആദ്യ ലോക്ഡൗണ്‍ ഘട്ടത്തില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക ഉടന്‍ മടക്കിനല്‍കാന്‍ വിമാനക്കമ്പനികളോട് ഉത്തരവിട്ടുകൊണ്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഏപ്രില്‍ 16 ന് പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കൂടാതെ, 2021 മാര്‍ച്ച് 31 വരെ സാധുതയുള്ള ക്രെഡിറ്റ് ഷെല്‍ പദ്ധതിക്ക് സുപ്രീം കോടതി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.