Tuesday, May 14, 2024
keralaNewsObituary

പാലിയത്ത് വലിയച്ചന്‍ അന്തരിച്ചു

കൊച്ചി രാജാക്കന്മാരുടെ മന്ത്രിമുഖ്യന്മാരായിരുന്ന ചേന്ദമംഗലം പാലിയം തറവാട്ടിലെ വലിയച്ചന്‍, പാലിയത്ത് വിക്രമന്‍ കുട്ടന്‍ അച്ചന്‍( പി.വി.കെ. അച്ചന്‍-102) ഇന്ദിരാനഗര്‍ ഡിഫന്‍സ് കോളനിയിലെ മകളുടെ വസതിയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കല്‍പള്ളി വൈദ്യുത ശ്മശാനത്തില്‍.

2003ല്‍ വലിയച്ചന്‍ സ്ഥാനമേറ്റു. കോവിലകത്തിന്റെയും നാലുകെട്ടിന്റെയും ചുമതലയുള്ള പാലിയം ഈശ്വര സേവാ ട്രസ്റ്റിന്റെയും 41 ക്ഷേത്രങ്ങളുടെ ചുമതലയുള്ള പാലിയം ഗ്രൂപ് ദേവസ്വം ട്രസ്റ്റിന്റെയും തലവനായിരുന്നു. കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ പി.രവിയച്ചനാണ് (93) അടുത്ത പാലിയത്തു വലിയച്ചന്‍.

1918 ഒക്ടോബര്‍ 20ന് പി.വി.കെ. അച്ചന്‍ ജനിച്ചു. മദ്രാസിലെ ഗിണ്ടി എന്‍ജിനീയറിങ് കോളജില്‍ നിന്നു ബിരുദം. 1941ല്‍ മുംബൈയില്‍ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി എന്‍ജിനീയര്‍. 1943ല്‍ ദക്ഷിണ റെയില്‍വേയില്‍ എന്‍ജിനീയറായി. 1977ല്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍) എക്‌സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗം, ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ വര്‍ക്‌സ്, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള എന്നിവയുടെ ഡയറക്ടര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചു.

ഭാര്യ പരേതയായ അന്നഗര പാട്ടത്തില്‍ ലക്ഷ്മി അച്ചന്‍. മക്കള്‍: പരേതയായ പത്മാവതി മേനോന്‍, പ്രകാശ് അച്ചന്‍, രവീന്ദ്രന്‍ അച്ചന്‍, രാധിക നരേഷ്. മരുമക്കള്‍: പരേതനായ കുമാര്‍ വിജയേന്ദ്രനാഥ് മേനോന്‍, ഹേമ, മൂലയില്‍ ചന്ദ്ര നരേഷ്.