Sunday, April 28, 2024
keralaNewspolitics

എഐ ക്യാമറ അഴിമതി ജുഡീഷ്യല്‍ അന്വേഷണം വേണം: വിഡി സതീശന്‍

തിരുവനന്തപുരം: എഐ ക്യാമറ അഴിമതി രണ്ടാം എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിയാണെന്നും – ഈ കരാര്‍ ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. സ്രിറ്റ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്, കണ്‍സ്ട്രക്ഷന്‍ കമ്പനി എങ്ങനെ യോഗ്യത നേടിയെന്നതടക്കം ഏഴ് ചോദ്യവും പ്രതിപക്ഷനേതാവ് ഉയര്‍ത്തി. മൂന്ന് കമ്പനികളെയാണ് ടെണ്ടറിലേക്ക് സെലക്ട് ചെയ്തത്. അതില്‍ ആദ്യത്തേത്ത് സ്രിറ്റ് എന്ന കമ്പനിയാണ്. രണ്ടാമത് അശോക ബില്‍കോണ്‍ ലിമിറ്റഡ് പാലം നിര്‍മ്മിക്കുന്ന കമ്പനിയാണ്. ആ കമ്പനിയെങ്ങനെ ടെക്‌നിക്കലി സെലക്ടായെന്നതില്‍ വ്യക്തതയില്ല. ഇതില്‍ അന്വേഷണം വേണം. പത്ത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള കമ്പനികള്‍ മാത്രമേ ടെണ്ടറില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്നാണ് കെല്‍ട്രോണിന്റെ നിബന്ധനകളിലുള്ളത്. മൂന്നാമത്തെ കമ്പനി അക്ഷര എന്റര്‍പ്രൈസസെന്ന കമ്പനി 2017 ല്‍ മാത്രം രൂപീകൃതമായ കമ്പനിയാണ്. അവരെങ്ങനെ സെലക്ടായെന്ന് വ്യക്തമാക്കണം. സ്രിറ്റ് എന്ന കമ്പനിക്ക് കരാര്‍ ലഭിക്കുന്നതിനായി മറ്റ് കമ്പനികള്‍ ചേര്‍ന്ന് കാര്‍ട്ടറുണ്ടാക്കിയതാണോയെന്ന് പരിശോധിക്കണം. കരാര്‍ ലഭിച്ച സ്രിറ്റ് എന്ന കമ്പനി പിന്നീട് ഒരു കണ്‍സോഷ്യം ഉണ്ടാക്കി. സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് നിബന്ധനകള്‍ ലംഘിച്ച് സ്രിറ്റ് എന്ന കമ്പനി കണ്‍സോഷ്യം ഉണ്ടാക്കിയതെന്നാണ് വ്യക്തമായത്. കരാര്‍ ലഭിച്ച സ്രിറ്റ് എന്ന കമ്പനിയല്ല എഐ ക്യാമറാ ജോലികളൊന്നും ചെയ്യുന്നത്. അവര്‍ വീണ്ടും ഉപകരാര്‍ നല്‍കുകയായിരുന്നു. ഇവിടെയും നിബന്ധനകള്‍ ലംഘിക്കപ്പെട്ടു.ഈ ഉപകമ്പനികള്‍ കരാര്‍ കമ്പനിയായ സ്രിറ്റിന് നോക്കുകൂലിയായി 9 കോടി നല്‍കി. എന്നാല്‍ ഈ വിവരങ്ങള്‍ മുഴുവന്‍ മറച്ചുവച്ചു. ടെക്‌നോ പാര്‍ക്കിലെ ഒരു കമ്പനിയും ഇന്ട്രസ്റ്റിയല്‍ പാര്‍ക്കിലെ മറ്റൊരു കമ്പനിയുമാണ് ഉപകരാര്‍ എടുത്തത്. ഈ കമ്പനികളിലൊന്നായ ട്രോയിസിന് ഊരാളുങ്കലുമായി ബന്ധമുണ്ട്. ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കാമെന്ന പേരില്‍ ഈ കമ്പനികള്‍ കെല്‍ട്രോണിന് പിന്നീട് കത്ത് നല്‍കി. അങ്ങനെ 151 കോടിയുടെ കരാറില്‍ അറ്റകുറ്റപ്പണിക്ക് തുക വകയിരുത്തിയിരുന്നെങ്കിലും വീണ്ടും അറ്റകുറ്റപ്പണിക്ക് പ്രത്യേകം 66 കോടി രൂപ കൂടി കെല്‍ട്രോണ്‍ അനുവദിച്ചു. ഇതെല്ലാം കൊള്ളയാണെന്നും വിഡി സതീശന്‍ പറഞ്ഞു.