Friday, May 3, 2024
EntertainmentindiaNews

ആദിപുരുഷ് എത്തുന്നു….. രാമനായി പ്രഭാസ്

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷ് എത്തുന്നു. പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമ ലോകം.രാമനായി പ്രഭാസ് എത്തുന്ന ചിത്രത്തില്‍ രാവണനായി സെയ്ഫ് അലിഖാനും വേഷമിടുന്നു. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് എല്ലാം വന്‍ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിത ആദിപുരുഷ് നേടിയ പ്രി- റിലീസ് ബിസിനസ് വിവരങ്ങളാണ് പുറത്തുവരുന്നത്. 170 കോടിയാണ് പ്രി റിലീസ് ബിസിനസിലൂടെ ആദിപുരുഷ് നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ സുമിത് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. തെലുങ്ക് സിനിമയിലെ എക്കാലത്തെയും വലിയ ഇടപാടുകളിലൊന്നാണ് ഇത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 400 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മൊത്തത്തിലുള്ള ബജറ്റ്. ജൂണ്‍ 16നാണ് ആദിപുരുഷിന്റെ റിലീസ്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തില്‍ എത്തുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിഎഫ്എക്‌സിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ഗാനം സമൂഹാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.