Monday, April 29, 2024
keralaNewspolitics

കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വിയോജിപ്പ് : വി എം സുധീരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള കാരണം തുറന്നു പറഞ്ഞ് വി എം സുധീരന്‍. 2016 ലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള വിയോജിപ്പാണ് എല്ലാ സ്ഥാനങ്ങളും ഉപക്ഷിക്കാനുള്ള കാരണമെന്ന് സുധീരന്‍ വ്യക്തമാക്കി. അത് പുറത്തു പറഞ്ഞില്ലന്നേയുള്ളൂ. അന്ന് രാജി വയ്ക്കാനുള്ള കാരണത്തിലൊരു മാറ്റവും വന്നിട്ടില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. അന്ന് രണ്ട് ഗ്രൂപ്പ് എങ്കില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പാണ്. അതില്‍ മാറ്റം വരണമെന്നും വി എം സുധീരന്‍ പറഞ്ഞു. പ്രസ്ഥാനത്തിനൊപ്പം എന്നുമുണ്ടാവും.                                                                                               കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും സുധീരന്‍ വ്യക്തമാക്കി. പേരില്‍ മാത്രമല്ല നിലപാടിലും ധീരന്‍ എന്നു പേരെടുത്താണു കെപിസിസി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ ഇന്ന് 75 ജീവിത വര്‍ഷം പൂര്‍ത്തിയാക്കുന്നത്. പാര്‍ലമെന്ററി, സംഘടനാരംഗത്ത് ഇല്ലാതായിട്ട് ഏതാനും വര്‍ഷമായി. എന്നാല്‍ അധികാരസ്ഥാനത്തോട് ‘യെസ്’ മാത്രമല്ല, ‘നോ’ പറയാനും ശീലിച്ചയാള്‍ എന്നതാണു കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇന്നും വിഎമ്മിന്റെ സജീവത. കെ.കരുണാകരന്റെ വാത്സല്യമനുഭവിച്ചു വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തുടക്കമിട്ട സുധീരന്‍ പിന്നെ എ ഗ്രൂപ്പിന്റെ മുന്നണിപ്പോരാളിയായി. നിലപാടിന്റെ പേരില്‍ കലഹിക്കാന്‍ മടിയില്ലാത്ത തന്‍പോരിമയിലൂടെ ഒടുവില്‍ ഗ്രൂപ്പ്മുക്തി.                                                                      തൃശൂര്‍ അന്തിക്കാട്ടെ പടിയത്തു ഗ്രാമത്തില്‍ വൈലോപ്പിള്ളി മാമയുടെയും ഗിരിജയുടെയും അഞ്ചുമക്കളില്‍ നാലാമനായി ജനിച്ച സുധീരന്‍ കണ്ടുവളര്‍ന്നതു ചകിരിത്തൊഴിലാളികളുടെ കമ്യൂണിസ്റ്റ് സമരങ്ങളാണ്. പക്ഷേ കമ്യൂണിസ്റ്റായില്ല. സഹോദരന്‍ അയ്യപ്പന്റെ ആരാധകനായിരുന്ന അച്ഛന്‍ പറഞ്ഞുകൊടുത്ത കഥകളിലുണ്ടായിരുന്നതു ഗാന്ധിജിയും സ്വാതന്ത്ര്യ സമരവുമായിരുന്നു. കുറിക്കുകൊള്ളുന്ന വാക്പ്രയോഗം കൊണ്ടു രാഷ്ട്രീയത്തില്‍ പലവട്ടം എതിരാളികളുടെ വായടപ്പിച്ചിട്ടുണ്ട് സുധീരന്‍. എന്നാല്‍ ഒരു വാചകം പോലും വിക്കില്ലാതെ പൂര്‍ത്തിയാക്കാനാകാത്ത കുട്ടിയായിരുന്നു 9 വയസ്സുവരെ. പത്രം വായിപ്പിച്ചുള്ള പരിശീലനത്തിലൂടെ അമ്മയാണു വിക്ക് മാറ്റിയെടുത്തത്.  പത്രം വായിച്ചു സംസാരിക്കാനും പ്രസംഗിക്കാനും പഠിച്ച സുധീരന്‍ അങ്ങനെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലിറങ്ങി.                                                                                                                          കെഎസ്‌യു പ്രസിഡന്റായി തിരുവനന്തപുരം രാഷ്ട്രീയ തട്ടകമാക്കിയപ്പോള്‍ കെ.കരുണാകരന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. മുരളീധരനും പത്മജയ്ക്കും ഒപ്പം സുധീരനും ഉച്ചയൂണിന് ഒരു പ്ലേറ്റ് കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മ കരുതുമായിരുന്നു. കല്യാണിക്കുട്ടിയമ്മയ്ക്കു കൂടുതല്‍ വാത്സല്യം മുരളിയോടോ, സുധീരനോടോ എന്നു പാര്‍ട്ടിക്കാര്‍ രഹസ്യം പറഞ്ഞ കാലം. എന്നാല്‍ മന്ത്രിസഭാംഗത്തിനെതിരെ അഴിമതിയാരോപണമുന്നയിച്ച പത്രത്തിനെതിരെ നിയമനടപടിക്കു മുതിര്‍ന്ന കരുണാകരനെ കെപിസിസി യോഗത്തില്‍ എതിര്‍ത്തതോടെ ലീഡറുമായി അകന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകളുടെ ജനന സമയവും അതായിരുന്നു.