Wednesday, April 24, 2024
keralaNewsObituary

സിദ്ദിഖിന്റെ കൊല: പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: മലപ്പുറം തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക വിവരങ്ങള്‍ പുറത്ത്. മരണകാരണം നെഞ്ചിനേറ്റ ചവിട്ടെന്ന് നിഗമനം. വാരിയെല്ലുകള്‍ക്ക് പൊട്ടാലുണ്ട്. സിദ്ദിഖിന്റെ തലയില്‍ അടിയേറ്റ പാടുണ്ടെന്നും മരിച്ച ശേഷം ശരീരം വെട്ടിമുറിച്ചുവെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് കാലുകള്‍ മുറിച്ച് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊന്ന് മൃതദേഹം രണ്ടായി വെട്ടി മുറിച്ച് കൊക്കയില്‍ തള്ളിയ കേസില്‍ ഹോട്ടല്‍ ജീവനക്കാരനും കൂട്ടാളികളും അടക്കം മൂന്ന് പേരാണ് പിടിയിലായത്. തിരൂര്‍ സ്വദേശി സിദ്ദിഖിനെയാണ് ഹോട്ടല്‍ ജീവനക്കാരനായ ഷിബിലിയും,സുഹൃത്തുകളായ ഫര്‍ഹാന, ആഷിഖ് എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി കൊക്കയില്‍ വലിച്ചെറിഞ്ഞു. അട്ടപ്പാടി ചുരത്തില്‍ ഒന്‍പതാം വളവിലെ കൊക്കയില്‍ നിന്നാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലാണ് ട്രോളി ബാഗുകള്‍ പുറത്തെത്തിച്ചത്.സിദ്ദീഖിനെ ആസൂത്രിതമായി കോഴിക്കോട്ടെ ഹോട്ടല്‍ മുറിയിലെത്തിച്ചാണ് കൊലപാതകം. തന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലിയെ വ്യാഴാഴ്ചയാണ് സിദ്ദിഖ് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. പിന്നാലെ സിദ്ദിഖിനെ കാണാതായി. വ്യാഴാഴ്ച തന്നെ സിദ്ദിഖിനെ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച മൃതദേഹം സിദ്ദിഖിന്റെ കാറില്‍ തന്നെ ചുരത്തില്‍ തള്ളി. സിദ്ദിഖിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസിന്റെ ചുരുളഴിഞ്ഞത്.