Sunday, April 28, 2024
Uncategorized

കണമലയിലെ കാട്ടുപോത്ത് ആക്രമണം ; തോമസ് ആന്റണിക്ക് വിട നല്‍കി ….. ചാക്കോച്ചന്റെ സംസ്‌കാരം തിങ്കളാഴ്ച

കണമലയിലെ കാട്ടുപോത്ത് ആക്രമണം ; തോമസ് ആന്റണിക്ക് വിട നല്‍കി                                                                                                                                ചാക്കോച്ചന്റെ സംസ്‌കാരം തിങ്കളാഴ്ച

എരുമേലി: കണമലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഉണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച രണ്ടുപേരില്‍ തോമസ് ആന്റണിയ്ക്ക് നാട് അന്ത്യാജ്ഞലി നല്‍കി . അയല്‍വാസി കൂടിയായ ചാക്കോച്ചന്റെ സംസ്‌കാരം തിങ്കളാഴ്ച  (22/05) രാവിലെ 9 മണിക്ക് സെന്റ് തോമസ് പള്ളിയില്‍ നടക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും വില നല്‍കണമെന്നും സുരക്ഷിതത്വം ഉറപ്പാക്കണം എന്നും തോമസ് ആന്റണിയുടെ സംസ്‌കാര ചടങ്ങിന് നേതൃത്വം നല്‍കിയ രൂപത അധ്യക്ഷന്‍ ജോസഫ് പുളിക്കല്‍ പറഞ്ഞു .                                                                                                        ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് കണമല സെന്റ് തോമസ് പള്ളിയില്‍ സംസ്‌കാരം നടന്നത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് ടാപ്പിംഗ് നടത്തുകയായിരുന്ന കണമല പ്ലാവനാകുഴിയില്‍ (പുന്നത്തറയില്‍ ) വീട്ടില്‍ തോമസ് ആന്റണിയേയും, വീടിന് മുന്നില്‍ പത്രം വായിച്ചിരിക്കുകയായിരുന്ന അയല്‍വാസിയായ പുറത്തേല്‍ ചാക്കോച്ചനെയും കാട്ടുപോത്ത് ആക്രമിക്കുന്നത്. ഇന്ന് നടന്ന സംസ്‌കാര ചടങ്ങുകളില്‍ ജനപ്രതിനിധികള്‍ അടക്കം നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. വനാതിര്‍ത്തി മേഖലകളില്‍ താമസിക്കുന്ന മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.                                                                                                   കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പി കെ ജയശ്രീയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കി.കൂടുതല്‍ ധനസഹായം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക് ശേഷം നല്‍കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ കഴിയില്ലെന്നും, മയക്ക് വെടിവെക്കാന്‍ സിസിഎഫ് നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ പറഞ്ഞു. ഇതിനിടെ കാട്ടുപോത്തിന്റെ ആക്രമണത്തിനെതിരെ കണമലയില്‍ വിവിധ റോഡുകള്‍ ഉപരോധിച്ച കണ്ടാല്‍ അറിയാവുന്ന നൂറോളം നാട്ടുകാര്‍ക്കെതിരെ പോലീസ് കേസും എടുക്കുകയും ചെയ്തു.                                                                                                                              ശബരിമല വനാതിര്‍ത്തി മേഖലകളില്‍ കര്‍ശനമായ സുരക്ഷ നടപടികള്‍ എടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വനം വകുപ്പ് ഗുരുതരമായ അനാസ്ഥ കാട്ടുന്നതായും പരാതി ഉയരുന്നു. കണമലയില്‍ ഉണ്ടായ കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രശ്‌ന പരിഹാരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും സജീവമായി പങ്കെടുത്തു . പത്തനംതിട്ട എംപി ആന്റോ ആന്റണി, കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ,                                                                                                                                        എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് ഇ ജെ ബിനോയ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ് , മറിയാമ്മ ജോസഫ് , നാസര്‍ പനച്ചി,തങ്കമ്മ ജോര്‍ജുകുട്ടി അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും,ആര്‍ ഡി ഒ ,എഡി എം , തഹസില്‍ദാര്‍ , കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം,എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബിയര്‍ ജയന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം തുടങ്ങി ജനാവലിയാണ് കണമലയില്‍ കൂടിയത്. ഇരുമ്പൂന്നിക്കര കോയിയ്ക്കക്കാവില്‍ ഇന്ന് വെളുപ്പിനെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം പുതിയേടത്ത് ജോമോന്റെ വീട്ടിലെ വളര്‍ത്തു നായയെ വന്യജീവി ആക്രമിച്ചു കൊന്നതും ജനങ്ങളില്‍ ഭീതി പടര്‍ത്തിയിരിക്കുകയാണ് .