Saturday, April 27, 2024
educationkeralaNews

ഉന്നത പഠനത്തിന് എല്ലാവര്‍ക്കും അവസരമൊരുക്കും:  മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 മുതല്‍ ആരംഭിക്കുമെന്നും, ഉന്നത പഠനത്തിന് എല്ലാവര്‍ക്കും അവസരമൊരുക്കും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന എല്ലാവര്‍ക്കും അവസരം ഉണ്ടാക്കുമെന്നും കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.സര്‍ക്കാര്‍ തലത്തില്‍ അതിന്റെ ഉത്തരം ഉണ്ടാകും. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം താലൂക്ക് തലത്തില്‍ ലിസ്റ്റ് ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. മലബാറില്‍ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകള്‍ 195050 മാത്രമാണ്. യോഗ്യത നേടിയവര്‍ക്കെല്ലാം തുടര്‍ന്ന് പഠിക്കണമെങ്കില്‍ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും. കഴിഞ്ഞ കൊല്ലത്തെപ്പോലെ സീറ്റ് വര്‍ധിപ്പിക്കുകയെന്നത് പരിഹാരമല്ലെന്നും അത് പഠന നിലവാരത്തെ വലിയ തോതില്‍ ബാധിക്കുന്നുവെന്നുമാണ് അധ്യാപകരുടെ പരാതി. സീറ്റ് ക്ഷാമം പഠിച്ച വി കാര്‍ത്തികേയന്‍ കമ്മറ്റി മലബാറില്‍ 150 അധിക ബാച്ചുകള്‍ വേണമെന്നാണ് സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ കുട്ടികള്‍ തീരെ കുറഞ്ഞ ബാച്ചുകള്‍ ഇവിടേക്ക് മാറ്റാമെന്നുമാണ് കമ്മിറ്റിയുടെ നിര്‍ദേശം. സ്‌കൂളുകളില്‍ സൗകര്യമൊരുക്കുന്നത് മുതല്‍ തുടങ്ങുന്ന പ്രതിസന്ധികള്‍ കാരണം ശുപാര്‍ശയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയെളുപ്പമല്ല. അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം കുറവാണെന്നതിനാല്‍ പ്രതിസന്ധി അന്നത്തെയത്ര രൂക്ഷമാകാതിരിക്കാനാണ് സാധ്യത.