Friday, May 3, 2024
indiakeralaNewspolitics

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം: പൊലീസിന് ഗുരുതര സുരക്ഷാവീഴ്ച

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോര്‍ന്നു. വിവിഐപി അടക്കമുള്ള സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ 49 പേജുള്ള റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന ജില്ലകളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോര്‍ന്നുവെന്നതില്‍ അന്വേഷണം എഡിജിപി ഇന്റലിജന്‍സ് ടികെ വിനോദ് കുമാര്‍ ആരംഭിച്ചു. മാറ്റം വരുത്തി പുതിയ സ്‌കീം തയ്യാറാക്കിത്തുടങ്ങി. പ്രധാനമന്ത്രി എത്തിചേരുന്നത് മുതല്‍ മടങ്ങി പോകുന്നതുവരെ ഏതൊക്കെ ഉദ്യോഗസ്ഥര്‍ ഏതൊക്കെ പോയിന്റിലുണ്ടാകണം, അടിയന്തര ഘട്ടം വന്നാല്‍ ബദല്‍ മര്‍ഗങ്ങള്‍, എന്നിവ ഉള്‍പ്പെടെയുളള പേപ്പറാണ് ചോര്‍ന്നത്.പ്രധാനമന്ത്രിക്കെതിരെ വിവിധ സംഘടനകളില്‍ നിന്നുള്ള ഭീഷണികള്‍ ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് വിവരങ്ങളാണ് ചോര്‍ന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമായുള്ള പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശത്തിന്റെ ഭാഗമായാണ് 49 പേജുള്ള സുരക്ഷാ പദ്ധതി ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ കുമാര്‍ തയ്യാറാക്കിയത്. എസ്.പി.ജി ഉദ്യോഗസ്ഥര്‍, ഐബി ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് പഴുതടച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ തയ്യാറാക്കിയത്. വിവിധ തീവ്രവാദ സംഘടനകളില്‍ നിന്നും പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണിയെ കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്. പുല്‍വാമയിലെ തീവ്രവാദ ആക്രമണവും, പിഎഫ്‌ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവും ഗൗരവത്തോടെ കണ്ട് സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. കേരളത്തില്‍ നിന്നുള്ള യുവതി യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതിന് ശേഷം തീവ്രവാദ ആക്രമണത്തിന് ആഹ്വാനം ചെയ്തതും, ശ്രീലങ്കലിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ വഴിയുളള ആക്രണത്തിനുള്ള സാധ്യതയും റിപ്പോട്ടിലുണ്ട്. പ്രധാനമന്ത്രിക്കെതിരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് ബിജെപി ഓഫീസിലെത്തിയ കത്തും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സുപ്രധാന രേഖകള്‍ ചോര്‍ച്ചയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങും.കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചു. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപി ഇന്റലജന്‍സിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.