Sunday, April 28, 2024
Local NewsNewspolitics

എരുമേലി പഞ്ചായത്തില്‍ പ്രസിഡന്റ് / വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

എരുമേലി: അവിശ്വാസം പാസായതിനെ തുടര്‍ന്ന് ഭരണ പ്രതിസന്ധിയുണ്ടായ എരുമേലി ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് / വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും . എന്നാല്‍ പ്രസിഡന്റ് / വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഇരുമുന്നണികളും സസ്‌പെന്‍സ് തുടരുകയാണ്.  യുഡിഎഫിലാണ് ശക്തമായ നീക്കങ്ങള്‍ നടക്കുന്നത്. ഇനിയുള്ള രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം നാല് മെമ്പര്‍മാര്‍ക്ക് വീതീച്ചു നല്‍കാനുള്ള നീക്കത്തിനാണ് സാധ്യത. വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്ര അംഗത്തിന് നല്‍കാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മലയോര മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗത്തിന് ചുണ്ടിനും – കപ്പിനും ഇടയിലാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.        കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് തെറ്റിയതിനെ തുടര്‍ന്ന് എല്‍ഡിഎഫ് ഭരണം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫിനെതിരെ യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നുവെങ്കിലും മറ്റൊരു കോണ്‍ഗ്രസ് അംഗം വരാതിരുന്നതി തുടര്‍ന്ന് അവിശ്വാസം പരാജയപ്പെടുകയായിരുന്നു.തുടര്‍ന്ന് കോണ്‍ഗ്രസിലെ അഞ്ചാം വാര്‍ഡ് ഒഴക്കനാട് അംഗം രാജിവച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിനെ തുടര്‍ന്നാണ് യുഡിഎഫ് രണ്ടാമതും അവിശ്വാസം കൊണ്ടുവന്നത് . എന്നാല്‍ നാളെ നടക്കുന്ന പ്രസിഡന്റ് / വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അന്തിമ തീരുമാനം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രമേ പുറത്തുവിടുകയുള്ളൂ കോണ്‍ഗ്രസ് നേതാക്കളും – എല്‍ഡിഎഫ് നേതാക്കളും പറയുന്നു. അട്ടിമറി നാടകങ്ങള്‍ നടന്നില്ലെങ്കില്‍ യുഡിഎഫ് തന്നെ അധികാരത്തില്‍ എത്താനാണ് സാധ്യത. രാവിലെ 11 മണിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പും, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. എല്‍ഡിഎഫിനെതിരെ യുഡിഎഫ് രണ്ടാമത് കൊണ്ടുവന്ന അവിശ്വാസമാണ് സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ പാസായത്. അവിശ്വാസ ദിവസം എല്‍ഡിഎഫ് അംഗങ്ങള്‍ ആരും പങ്കെടുത്തിരുന്നില്ല .യുഡിഎഫിലെ 11 അംഗങ്ങളും , സ്വതന്ത്ര അംഗവുമുള്‍പ്പെടെ 12 പേരും എത്തിയതോടെ അവിശ്വാസം പാസാക്കുകയായിരുന്നു. ആദ്യതവണ കോണ്‍ഗ്രസ് സംഘങ്ങള്‍ക്ക് പറ്റിയ അബദ്ധം ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികളാണ് കോണ്‍ഗ്രസ് എടുക്കുന്നത്.