Monday, April 29, 2024
Local NewsNewspolitics

എരുമേലി ഗ്രാമപഞ്ചായത്തില്‍ വീണ്ടും അവിശ്വാസത്തിന് നീക്കം

എരുമേലി: എല്‍ഡിഎഫ് ഗ്രാമ പഞ്ചായത്ത് ഭരണത്തിനെതിരെ വീണ്ടും അവിശ്വാസം കൊണ്ടുവരാന്‍ യുഡിഎഫ് നീക്കം. ജോലി കിട്ടിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം രാജിവച്ച ഒഴക്കനാട് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതിനെ തുടര്‍ന്നാണ് അവിശ്വാസത്തിന് വഴിയൊരുങ്ങുന്നത് . 23 വാര്‍ഡുകളുള്ള എരുമേലി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് 12 ഉം, എല്‍ ഡി എഫ് 11 സീറ്റുകളിലുമാണ് വിജയിച്ചത്.      എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒഴക്കനാട് വാര്‍ഡിലെ അംഗം ചെയ്ത വോട്ട് തെറ്റിയതിനെ തുടര്‍ന്ന് കക്ഷിനില 11 വീതമാകുകയും തുടര്‍ന്ന് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് യുഡിഎഫ് ആറ് മാസത്തിന് ശേഷം കൊണ്ടുവന്ന അവിശ്വാസത്തില്‍ ഇരുമ്പൂന്നിക്കര വാര്‍ഡംഗം എത്താതെ വരുകയും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുകയുമായിരുന്നു.എന്നാല്‍ ഭരണ മാറ്റം കോണ്‍ഗ്രസില്‍ വിവാദമായതോടെ ഇരുമ്പൂന്നിക്കര വാര്‍ഡംഗത്തിനെതിരെ കോണ്‍ഗ്രസ് പരാതിയുമായി ഇലക്ഷന്‍ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് അഞ്ചാം വാര്‍ഡംഗം സുനിമോള്‍ക്ക് ജോലി ലഭിക്കുകയും പഞ്ചായത്ത് അംഗത്വം രാജിവെക്കുകയും ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം വാര്‍ഡായ കിഴക്കേക്കരയില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ വനിത നേതാവ് കൂടിയായ അനിത സന്തോഷ് ഒഴക്കനാട് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച തോടെയാണ് കോണ്‍ഗ്രസ് എല്‍ഡിഎഫിനെതിരെ വീണ്ടും അവിശ്വാശത്തിന് നീക്കം നടത്തുന്നത്.  ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നാളെ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. ഇതിനുശേഷമാവും അവശ്വാസപ്രമേയം കൊടുക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകുന്നത് . ഇരുമ്പൂന്നിക്കര അംഗം പ്രകാശ് പള്ളിക്കൂടത്തിനെതിരെ ഇലക്ഷന്‍ കമ്മീഷന് കോണ്‍ഗ്രസ് നല്‍കിയ പരാതി ഒത്തുതീര്‍ക്കാനും നടപടികള്‍ ആരംഭിച്ചു. എന്നാല്‍ എല്‍ഡിഎഫ് മുന്നണിയിലെ ഘടകക്ഷിയായ കേരളകോണ്‍ഗ്രസില്‍ ചേര്‍ന്ന തുമരംമ്പാറയില്‍ നിന്നുള്ള സ്വതന്ത്ര അംഗമായ ഇജെ ബിനോയിയുടെ നിലപാടും നിര്‍ണ്ണായകമാകും . ഉപതിരഞ്ഞെടുപ്പ് നടന്ന ഒഴക്കനാട് വാര്‍ഡിലും കേരള കോണ്‍ഗ്രസ് അംഗമാണ് പരാജയപ്പെട്ടത്. സ്വതന്ത്ര അംഗത്തിന്റെ പിന്തുണ ലഭിച്ചാല്‍ യുഡിഎഫിന് 12 ഉം, എല്‍ഡിഎഫിന് 11 എന്ന നിലയിലാകും.കപ്പിനും – ചുണ്ടിനും ഇടയില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് അന്ന് വഴിതെളിച്ചത് . വിവിധ ഗ്രൂപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍ പരിമിതമായ ഗ്രൂപ്പുകളിലേക്ക് ചേക്കേറിയതാണ് പുതിയ നീക്കത്തിന് വഴിതെളിച്ചത്. ഒഴക്കനാട് വാര്‍ഡിലെ തിളക്കമേറിയ വിജയം വഴിയൊരുക്കി എന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ ഭരണമാറ്റം ഉണ്ടായാല്‍ യുഡിഎഫില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ല. എന്നാല്‍ എല്‍ഡിഎഫില്‍ നിലവില്‍ ഭരണമാറ്റത്തിന് ഭീഷണി ഇല്ലെങ്കിലും അവിശ്വാസപ്രമേയം വരുമ്പോള്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് മെമ്പര്‍മാരുടെ നിലപാടുകള്‍ നിര്‍ണായകമാകും.