Saturday, May 4, 2024
HealthindiaNews

ആശുപത്രികളില്‍ കൊറോണ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തും

ന്യൂഡല്‍ഹി: രാജ്യത്തെ ആശുപത്രികളില്‍ കൊറോണ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താന്‍ ഇന്ന് മോക്ഡ്രില്‍ സംഘടിപ്പിക്കും. വിദേശരാജ്യങ്ങളിലെ കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള സുരക്ഷാ ജാഗ്രതയുടെ ഭാഗമായി ഓക്സിജന്‍ പ്ലാന്റ്, വെന്റിലേറ്റര്‍ സൗകര്യം, നിരീക്ഷണ വാര്‍ഡുകള്‍, ജീവനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ മോക്ഡ്രിലിന് മേല്‍നോട്ടം വഹിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ നിര്‍ദ്ദേശിച്ചു. മോക്ഡ്രില്‍ നടക്കുന്ന ചില കേന്ദ്രങ്ങള്‍ കേന്ദ്രമന്ത്രി സന്ദര്‍ശിക്കും. കൊറോണ സംബന്ധിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ തടയുന്നതില്‍ മുന്‍കയ്യെടുക്കണമെന്ന് ഡോക്ടര്‍മാരോട് മന്‍സുഖ് മാണ്ഡവ്യ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.                        മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കാണ് കഴിഞ്ഞ ദിവസത്തെ പരിശോധനകളില്‍ കൊറോണ സ്ഥിരീകരിച്ചത്. ബിഹാറിലെ ഗയ, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ എത്തിയവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ബ്രിട്ടന്‍, മ്യാന്‍മര്‍, തായ്ലന്‍ഡ്, മലേഷ്യ, ദുബായ് തുടങ്ങിയ ഇടങ്ങളില്‍ നിന്നെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.