Monday, April 29, 2024
keralaNews

ഇടുക്കിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു.

ഇടുക്കി :കട്ടപ്പന നിര്‍മ്മല സിറ്റിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു.രണ്ടു പേര് പൊലീസ് പിടിയിലായി. നിര്‍മ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്.കൗന്തി സ്വദേശി ഹരികുമാര്‍, വാഴവര സ്വദേശി ജോബി എന്നിവര്‍ ആണ് പിടിയിലായത്. രാജുവിന്റെ മകന്റെ സുഹൃത്തുക്കളാണ് ഇരുവരും. ബൈക്ക് അറ്റകുറ്റപ്പണി ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാജുവിന്റെ മകന്‍ രാഹുല്‍ ഹരികുമാറിന്റെ ബൈക്ക് ഒരു യാത്രക്കായി എടുത്തിരുന്നു.യാത്രക്കിടെ വാഹനത്തിന് കേടുപാട് പറ്റി.ഇത് അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്ന് രാഹുലും അച്ഛന്‍ രാജുവും സമ്മതിച്ചിരുന്നു.എന്നാല്‍ ഇത് വൈകിയതോടെയാണ് ഹരികുമാറും ജോബിയും ഇവരുടെ വീട്ടിലെത്തിയത്. വാക്ക് തര്‍ക്കത്തിനിടെയാണ് രാജുവിന് പരിക്കേറ്റത് .

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പരിക്കേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ഹരികുമാറിനും പരിക്കേറ്റു. പൊലീസ് പിടികൂടിയ ഹരികുമാറിനെ പിന്നീട് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ജോബിയെ പൊലീസ് സ്റ്റേഷനിലുമെത്തിച്ചു.