Friday, May 3, 2024
indiaNewsUncategorized

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേല്‍ക്കുക. ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് വീരമൃത്യു വരിച്ച ജനറല്‍ ബിപിന്‍ റാവത്തിന് പകരമായാണ് അനില്‍ ചൗഹാനെ നിയമിക്കാന്‍ തീരുമാനിച്ചത്. റിട്ടയേര്‍ഡായ ചൗഹാന് 40 വര്‍ഷത്തോളം നീണ്ടുനിന്ന സൈനിക സര്‍വ്വീസ് ഉണ്ട് . രാജ്യത്തിന്റെ പുതിയ സി ഡി എസ് ആയി ചുമതലയേറ്റ അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ സൈനിക കാര്യ വകുപ്പ് സെക്രട്ടറി എന്ന അധിക ചുമതല കൂടി വഹിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

1961 മെയ് 18ന് ജനിച്ച അനില്‍ ചൗഹാന്‍ 1981ല്‍ ഇന്ത്യന്‍ ആര്‍മിയുടെ 11മത് ഗൂര്‍ഖ റൈഫിള്‍സിലേക്ക് കമ്മീഷന്‍ ചെയ്യപ്പെട്ടു. നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഖഡക്വാസ്ല, ഇന്ത്യന്‍ മിലിട്ടറി അക്കാദമി, എന്നിവടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത് . മേജര്‍ ജനറല്‍ പദവി ലഭിച്ച അദ്ദേഹം നോര്‍ത്തേണ്‍ കമാന്‍ഡിലെ ബാരാമുള്ള സെക്ടറിലുള്ള ഒരു ഇന്‍ഫന്‍ട്രി ഡിവിഷന്റെ കമാന്‍ഡായിരുന്നു.

ഏറ്റവും അധികം സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കോര്‍പ്സ് കമാന്‍ഡറായി അദ്ദേഹം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2019 സെപ്റ്റംബര്‍ മുതല്‍ ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായി ചുമതലയേറ്റു. 2021 മെയ് 31ന് തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നത് വരെ അദ്ദേഹം രാജ്യത്തിനായി പ്രവര്‍ത്തിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സിന്റെ ചുമതലയടക്കം പ്രധാനപ്പെട്ട സ്റ്റാഫ് നിയമനങ്ങളും തേടിയെത്തിയിട്ടുണ്ട്. കൂടാതെ അംഗോളയിലെ യുഎന്‍ മിഷന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

2021 മെയ് 31ന് ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചെങ്കിലും രാജ്യത്തിന്റെ തന്ത്ര പ്രധാനമായ പല സുരക്ഷാ മേഖലകളിലും വീണ്ടും അദ്ദേഹം തന്റെ സംഭാവനകള്‍ തുടര്‍ന്നു. കരസേനയിലെ അദ്ദേഹത്തിന്റെ ചടുലമായ പ്രവര്‍ത്തനത്തിന് ലഫ്റ്റനന്റ് പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിങ്ങനെയുള്ള രാജ്യത്തിന്റെ വിശിഷ്ട സൈനിക മെഡലുകള്‍ക്ക് അര്‍ഹനായി.