Friday, May 3, 2024
indiaNewspolitics

പ്രധാനമന്ത്രി ഇന്ന് ഗുജറാത്തില്‍; 21,000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

അഹമ്മദാബാദ്: ദ്വിദിനസന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. 21,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വ്വഹിക്കുക. വഡോദരയില്‍ ഗുജറാത്ത് ഗൗരവ് അഭിയാനില്‍ പങ്കെടുത്ത് കൊണ്ട് അദ്ദേഹം പദ്ധതികളുടെ ഉദ്ഘാടനം നടത്തും.                                                                           

റെയില്‍വേയുമായി ബന്ധപ്പെട്ട് 16,000 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നഗരങ്ങളില്‍ 1,800 കോടി രൂപയുടെ വീടുകളും ഗ്രാമപ്രദേശങ്ങളില്‍ 1,530 കോടി രൂപയുടെ വീടുകളും ഉള്‍പ്പെടെ മൊത്തം 1.38 ലക്ഷം വീടുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

310 കോടിയിലധികം ചിലവിട്ട് പൂര്‍ത്തിയാക്കിയ മൂവായിരത്തോളം ഭവനങ്ങളുടെ ഗൃഹപ്രവേശവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഖേദ, ആനന്ദ്, വഡോദര, ഛോട്ടാ ഉദേപൂര്‍, പഞ്ച്മഹല്‍ എന്നിവിടങ്ങളിലായി 680 കോടി രൂപയുടെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും മോദി തുടക്കം കുറിക്കും.

ദാഭോയ് താലൂക്കിലെ കുന്ദേല ഗ്രാമത്തില്‍ ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. വഡോദര നഗരത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ സര്‍വ്വകലാശാല ഏകദേശം 425 കോടി മുടക്കിയാണ് നിര്‍മ്മിക്കുന്നത്.

2500-ലധികം വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ പഠിക്കും. സംസ്ഥാനത്തെ എല്ലാ വനവാസി ഗുണഭോക്താക്കള്‍ക്കും ‘പോഷന്‍ സുധ യോജന’യുടെ ഭാഗമായി 120 കോടി രൂപയും വിതരണം ചെയ്യും.

ജൂണ്‍ 18 ന് പാവഗഢ് കുന്നില്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായ ശ്രീ കാളികാ മാതാ ക്ഷേത്രവും മോദി ഉദ്ഘാടനം ചെയ്യും. ഒപ്പം തന്റെ അമ്മയുടെ നൂറാമത് ജന്മവാര്‍ഷികത്തിലും അദ്ദേഹം പങ്കെടുക്കും.