Wednesday, May 8, 2024
keralaNewsUncategorized

കൊച്ചി മെട്രോ; ഇന്നത്തെ യാത്രയ്ക്ക് അഞ്ചു രൂപ മാത്രം

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൊച്ചി മെട്രോ ഓടി തുടങ്ങിയിട്ട് ഇന്ന് അഞ്ച് വര്‍ഷം.പിറന്നാളാഘോഷത്തിന്റെ ഭാഗമായി ടിക്കറ്റ് നിരക്കാണ് മെട്രോ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ഏതു സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റിനും അഞ്ച് രൂപ മാത്രം നല്‍കിയാല്‍ മതി. മൊബൈല്‍ ഫോണ്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്കും അഞ്ച് രൂപ നല്‍കിയാല്‍ മതി. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.

2013 ജൂണിലാണ് മെട്രോ നിര്‍മാണം തുടങ്ങിയത്. 2017 ജൂണ്‍ 17നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം നടന്നത്.

13.2 കിലോമീറ്റര്‍ ദൂരം 11 സ്റ്റേഷനുകളുള്ള ആലുവ-പാലാരിവട്ടം പാതയാണ് അന്ന് തുറന്നത്. പിന്നീട് ഒക്ടോബര്‍ മൂന്നിന് പാലാരിവട്ടംമുതല്‍ മഹാരാജാസ് ഗ്രൗണ്ടുവരെ 4.96 കിലോമീറ്റര്‍ പാതകൂടി തുറന്നു. ആകെ സ്റ്റേഷനുകള്‍ 16.

സൗത്ത് റെയില്‍വേ സ്റ്റേഷനും വൈറ്റില ജംഗ്ഷനും കടന്ന് 2019 സെപ്റ്റംബര്‍ മൂന്നിന് മെട്രോ തൈക്കൂടത്തെത്തി. 5.5 കിലോമീറ്റര്‍ പാതയില്‍ അഞ്ചു സ്റ്റേഷനുകള്‍. 25.16 കിലോമീറ്റര്‍ പാതയിലെ അവസാന സ്റ്റേഷനായ പേട്ടയിലേക്കുള്ള സര്‍വീസ് 2020 സെപ്തംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡിഎംആര്‍സിക്കായിരുന്നു ഒന്നാംഘട്ട നിര്‍മാണക്കരാര്‍.

1.8 കിലോമീറ്ററുള്ള പേട്ട-എസ്എന്‍ ജംഗ്ഷന്‍ പാതയുടെയും സ്റ്റേഷനുകളുടെയും നിര്‍മാണവും സുരക്ഷാ പരിശോധനയും കഴിഞ്ഞു. രണ്ടു സ്റ്റേഷനുകളുള്ള പാത ഈ മാസം അവസാനത്തോടെ തുറക്കും.

എസ്എന്‍ ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ റെയില്‍വേ പരിസരത്തേക്ക് എത്തുന്ന 1.2 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം പുരോഗമിക്കുന്നു. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനെ ബന്ധിപ്പിച്ച് മുകളിലൂടെ നടപ്പാതയുണ്ടാകും.തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്‍ 2023 ജൂണില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

മലയാളികളുടെ സ്വപ്നമായിരുന്ന കൊച്ചി മെട്രോ വിവാഹ ഫോട്ടോഷൂട്ടിന് വരെ വേദിയാണ്. ട്രിപ്പ് പാസ് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ നിരക്കായിരിക്കും ബാധകമെങ്കിലും ഈടാക്കിയ തുകയില്‍ നിന്ന് അഞ്ച് രൂപ കിഴിച്ചുള്ള ബാക്കി തുക കാഷ് ബാക്കായി അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുമെന്നും കെഎംആര്‍എല്‍ അറിയിച്ചിരുന്നു.