Sunday, April 28, 2024
keralaNews

ശിക്ഷ വിധിക്കെതിരെ സൂരജ് ഹൈക്കോടതിയില്‍

കൊച്ചി: ഉത്ര കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിച്ച കോടതി ഉത്തരവിനെതിരെ സൂരജ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മാപ്പ് സാക്ഷിയുടെ മൊഴി വസ്തുതാപരമല്ല എന്നാണ് സൂരജിന്റെ വാദം. പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ തന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജിന്റെ അപ്പീലില്‍ പറയുന്നു. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.

ഉത്ര വധക്കേസില്‍ പ്രതിയായ അടൂര്‍ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വര്‍ഷം. എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിന് ശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുക. പ്രതിയുടെ പ്രായവും ഇതിനു മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നതുമാണ് വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ കോടതി പരിഗണിച്ചത്.