Thursday, May 9, 2024
keralaNews

ഞങ്ങളുടെ സര്‍വ്വേ ജനങ്ങളുടെ മനസ്സിലാണ്;കെ.കെ ശൈലജ

എരുമേലി:എല്‍ഡിഎഫ് ഒരിക്കലും സര്‍വ്വേ ഫലങ്ങളെ ആശ്രയിക്കുന്നവരല്ലെന്നും തങ്ങളുടെ സര്‍വ്വേ ജനങ്ങളുടെ മനസ്സിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എരുമേലി വാവര്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ദുരന്തങ്ങളില്‍ സ്വന്തം ജനങ്ങളെ മരണത്തിന് വിട്ടു കൊടുക്കാതെ രക്ഷിക്കുകയായിരുന്നു പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ചെയ്തത്.കഴിഞ്ഞ തെരഞ്ഞെടുപ്പിന് പുറത്തിറക്കിയ പ്രകടനപത്രികയിലെ 98 ശതമാനം കാര്യങ്ങളും പൂര്‍ത്തീകരിച്ചതായും, ഇടതുപക്ഷ ജനാധിപത്യമുന്നണി ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ പറയൂയെന്നും അതുപോലെ പറയുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.കേരള കോണ്‍ഗ്രസ് മാണി വിഭാഗവും, എല്‍ ജെ ഡി യും ,ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ എത്തിയതോടെ എല്‍ഡിഎഫ് പൂര്‍വാധികം ശക്തിപ്പെട്ടതായി കെ കെ ഷൈലജ പറഞ്ഞു.സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതും, സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തിയതും, ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചതും, ലൈഫ് പദ്ധതി വഴി പൗരന്മാര്‍ക്ക് വീടൊരുക്കി നല്‍കിയതും ഉള്‍പ്പെടെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാഴ്ചവച്ചത്. ഇത്തരത്തിലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പിണറായി വിജയന്‍ തന്നെയാണ് എല്‍ഡിഎഫിന്റെ ക്യാപ്റ്റനെന്നും കെ കെ ഷൈലജ പറഞ്ഞു.പരിപാടിയില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍,റ്റി എസ് കൃഷ്ണകുമാര്‍, തങ്കമ്മ ജോര്‍ജ് കൂട്ടി,കെ രാജേഷ്, ശുഭേഷ് സുധാകര്‍,ഒ പി എ സലാം,അഡ്വ.പി. ഷാനവാസ്,ജോസ് പഴയതോട്ടം,
പി കെ ബാബു,ജോബി ചെമ്പകത്തുംങ്കല്‍,പി കെ അബ്ദുല്‍ കരീം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.