Thursday, May 2, 2024
keralaNewspolitics

തൊണ്ണൂറ്റിയാറു വയസ്സായ ഗോമതി അമ്മക്ക് ഉദ്യോഗസ്ഥര്‍ വോട്ട് നിഷേധിച്ചെന്നു പരാതി

തൊണ്ണൂറ്റിയാറു വയസ്സായ ഗോമതി അമ്മക്ക് ഉദ്യോഗസ്ഥര്‍ വോട്ട് നിഷേധിച്ചെന്നു പരാതി. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ വോട്ടര്‍ക്കാണു തപാല്‍വോട്ടിന്റെ അപേക്ഷ സ്വീകരിച്ചിട്ടും മരിച്ചവരുടെ പട്ടികയിലുള്‍പ്പെടുത്തി വോട്ട് ഇല്ലാതെയാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

കഴക്കൂട്ടം മണ്ഡലത്തിലെ ഇടവന്‍കോട് താമസിക്കുന്ന ഗോമതിയമ്മ ബന്ധുക്കളുടെ സഹായത്തോടെ രണ്ടാഴ്ചമുന്‍പാണ് തപാല്‍വോട്ടിന് അപേക്ഷിച്ചത്. ബിഎല്‍ഒ ഉള്‍പ്പെടെ വീട്ടിലെത്തി രേഖകള്‍പരിശോധിച്ചും വോട്ടറെ നേരിട്ടു കണ്ടും അപേക്ഷ സ്വീകരിച്ചു. തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ എന്നിവയും പരിശോധിച്ചു. പക്ഷെ വോട്ട് രേഖപ്പെടുത്താന്‍ സമയമായപ്പോള്‍ ആരും എത്തിയില്ല. ഗോമതി അമ്മയുടെ കൊച്ചുമക്കള്‍ അന്വേഷിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു.ജീവിച്ചിരിക്കുന്ന വ്യക്തിയെ എങ്ങിനെ മരിച്ചവരുടെ പട്ടികയില്‍പെടുത്തി എന്നതിന് ഉദ്യോഗസ്ഥരാരും ഉത്തരം നല്‍കുന്നില്ല. പോസ്റ്റല്‍വോട്ടിന്റെ പട്ടികയില്‍ ആരോ ഡെഡ് എന്നു സൂചിപ്പിച്ച് ‘ഡി’ എന്ന് രേഖപ്പെടുത്തിയത് മാത്രമാണ് ഒരാളുടെ വോട്ടവകാശം നഷ്ടപ്പെടുത്താനിടയായത്. കോവിഡ് സാഹചര്യത്തില്‍ ബൂത്തിലെത്തി വോട്ടുചെയ്യാനും ആവില്ല. ഉദ്യോഗസ്ഥരുടെ അശ്രദ്ധയും കെടുകാര്യസ്ഥതയും ഈ അമ്മക്ക് നിഷേധിച്ചത് വിലമതിക്കാനാവാത്ത പൗരാവകാശമാണ്.