Monday, April 29, 2024
indiaNews

7 ഘട്ടം, ഫെബ്രുവരി 10 – മാര്‍ച്ച് 7 വരെ

ദില്ലി: ഗോവ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി ഫെബ്രുവരി 10 – മാര്‍ച്ച് 7 വരെ നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര തീയതികള്‍ പ്രഖ്യാപിച്ചു.ഇതോടെ ഈ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉത്തര്‍പ്രദേശില്‍ 403 മണ്ഡലങ്ങളും, പഞ്ചാബില്‍ 117 മണ്ഡലങ്ങളും, ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളും, മണിപ്പൂരില്‍ 60 മണ്ഡലങ്ങളും, ഗോവയില്‍ 40 മണ്ഡലങ്ങളുമാണ് വിധിയെഴുതുക.മാര്‍ച്ചില്‍ അഞ്ച് സംസ്ഥാനങ്ങളിലെയും മന്ത്രിസഭകളുടെ കാലാവധി അവസാനിക്കുമെന്ന് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. കൊവിഡ് സുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുക ഏറ്റവും പ്രധാനമാണ്. കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാകും തെരഞ്ഞെടുപ്പ് നടത്തുക.18.34 കോടി വോട്ടര്‍മാരാണ് അഞ്ച് സംസ്ഥാനങ്ങളിലുമായി വോട്ടവകാശം വിനിയോഗിക്കുക. എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരോടും പ്രധാന പോളിങ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു പോളിങ് സ്റ്റേഷനിലെ പരമാവധി വോട്ടര്‍മാര്‍ 1250 മാത്രമായിരിക്കും. എല്ലാ മണ്ഡലങ്ങളിലും ചുരുങ്ങിയത് ഒരു ബൂത്തിലെങ്കിലും വനിതകളായ പോളിങ് ഉദ്യോഗസ്ഥര്‍ മാത്രമുള്ള ഒരു ബൂത്തെങ്കിലുമുണ്ടാകുമെന്നുറപ്പാക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ഇത് പരമാവധി പ്രോത്സാഹിപ്പിക്കുന്നു. എല്ലാ പോളിംഗ് സ്റ്റേഷനുകളും താഴത്തെ നിലയില്‍ത്തന്നെയാകും എന്നുറപ്പാക്കും.
80 വയസിന് മുകളില്‍ ഉള്ള മുതിര്‍ന്ന പൗരന്‍മാര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഇങ്ങനെ:

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാവരും രണ്ട് ഡോസും എടുത്തിരിക്കണം
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസും ഉറപ്പ് വരുത്തും
എല്ലാ പോളിങ് സ്റ്റേഷനുകളും സാനിറ്റൈസ് ചെയ്യും
പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു
80 വയസിന് മുകളില്‍ ഉള്ള മുതിര്‍ന്ന പൗരന്‍മാര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം
പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പരമാവധി ഡിജിറ്റല്‍ പ്രചാരണം നടത്തണം
ജനുവരി 15 വരെ റാലികളും പദയാത്രകളും റോഡ് ഷോകളും സൈക്കിള്‍, ബൈക്ക് റാലികളും നടത്തുന്നതിന് വിലക്ക്
വിജയാഹ്‌ളാദപ്രകടനങ്ങള്‍ നടത്തുന്നതിനും വിലക്ക്
വീടുകയറി ഉള്ള പ്രചാരണത്തിന് 5 പേര്‍ മാത്രം

തെരഞ്ഞെടുപ്പ് തീയതികള്‍ ഇങ്ങനെ:
സംസ്ഥാനം ഘട്ടങ്ങള്‍ തീയതി വോട്ടെണ്ണല്‍
ഉത്തര്‍പ്രദേശ്- 7 ഘട്ടങ്ങള്‍ – 10, 14, 20, 23, 27 ഫെബ്രുവരി, 3, 7 മാര്‍ച്ച് —- മാര്‍ച്ച് 10
പഞ്ചാബ്- 1 ഘട്ടം – 14 ഫെബ്രുവരി —- മാര്‍ച്ച് 10
മണിപ്പൂര്‍ – 2 ഘട്ടം – 27 ഫെബ്രുവരി, 3 മാര്‍ച്ച് —– മാര്‍ച്ച് 10
ഗോവ – 1 ഘട്ടം – 14 ഫെബ്രുവരി —– മാര്‍ച്ച് 10
ഉത്തരാഖണ്ഡ് -1 ഘട്ടം – 14 ഫെബ്രുവരി —- മാര്‍ച്ച് 10