Sunday, May 19, 2024
keralaNews

60 കഴിഞ്ഞവര്‍ക്ക് വാക്‌സീന്‍ ‘ക്യൂ’വില്‍

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ വേഗത്തില്‍ തീര്‍ക്കേണ്ടതിനാല്‍ 60 വയസ്സു കഴിഞ്ഞവരുടെയും ഗുരുതര രോഗങ്ങളുള്ള 45 വയസ്സു കഴിഞ്ഞവരുടെയും വാക്‌സിനേഷന്‍ നടപടികള്‍ വൈകിയേക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള 3.8 ലക്ഷം പേരുടെ വാക്‌സിനേഷന്‍ 6 ന് അകം തീര്‍ക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ റജിസ്‌ട്രേഷന്‍ നടത്താനാകാത്ത 25,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസും ആദ്യ ഡോസ് എടുത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കും രണ്ടാം ഡോസും നല്‍കണം. ഈ വിഭാഗങ്ങളുടെ ഒപ്പമാണ് 60 വയസ്സു കഴിഞ്ഞവരുടെയും ഗുരുതര രോഗങ്ങളുള്ളവരുടെയും റജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നത്. അതിനാലാണു പോര്‍ട്ടലില്‍ പ്രവേശിക്കാനാകാത്തതും വാക്‌സിനേഷനു സമയം കിട്ടാന്‍ വൈകുന്നതും.

സംസ്ഥാനത്തിനു താല്‍പര്യമുള്ള എല്ലാ സ്ഥലങ്ങളിലെയും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ കേന്ദ്രം തുറക്കാന്‍ ഇന്നലെ കേന്ദ്രാനുമതി ലഭിച്ചു. സ്വകാര്യ ആശുപത്രികളിലെ പരിശോധനയും മറ്റു നടപടികളും വേഗത്തിലാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് വാക്‌സീന്‍ കുത്തിവയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം ഉടലെടുത്തു. 28 ദിവസത്തെ ഇടവേളയില്‍ 2 ഡോസ് കുത്തിവച്ചു 14 ദിവസം കഴിഞ്ഞു മാത്രമേ പ്രതിരോധശേഷി ലഭിക്കുകയുള്ളൂവെന്നാണു വാക്‌സീന്‍ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഉദ്യോഗസ്ഥരില്‍ പകുതിപ്പേര്‍ മാത്രമേ ഇതിനകം വാക്‌സീന്‍ സ്വീകരിച്ചിട്ടുള്ളൂ. ഈമാസം 6നകം കുത്തിവയ്പ് എടുത്താല്‍ ഏപ്രില്‍ 6നു തിരഞ്ഞെടുപ്പിനു മുന്‍പു രണ്ടാം ഡോസ് കുത്തിവയ്ക്കാം. പക്ഷേ, 14 ദിവസം കൂടി കഴിയാതെ പ്രതിരോധ ശേഷി ലഭിക്കുമോയെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ആദ്യ ഡോസ് മുതല്‍ പ്രതിരോധശേഷി വര്‍ധിച്ചുവരുമെന്ന് ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

മന്ത്രിമാരില്‍ ആദ്യം കടന്നപ്പള്ളി

സംസ്ഥാനത്തെ മന്ത്രിമാരില്‍ ആദ്യം വാക്‌സീന്‍ എടുത്തതു രാമചന്ദ്രന്‍ കടന്നപ്പള്ളി. കണ്ണൂരിലെ ആശുപത്രിയിലായിരുന്നു വാക്‌സിനേഷന്‍.
മന്ത്രിമാരായ കെ.കെ. ശൈലജയും ഇ.ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വാക്‌സീന്‍ സ്വീകരിച്ചു. ശൈലജയ്‌ക്കൊപ്പം ഭര്‍ത്താവ് കെ.ഭാസ്‌കരനും ഉണ്ടായിരുന്നു. ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും ഭാര്യ വിലാസിനിയും പാലക്കാട് നന്ദിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി കുത്തിവയ്‌പെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാക്‌സീന്‍ സ്വീകരിച്ചേക്കും