Tuesday, June 18, 2024
keralaNews

മെത്രാപ്പൊലീത്തയുടെ സസ്‌പെന്‍ഷന്‍ കോടതി സ്റ്റേ ചെയ്തു

കോട്ടയം: ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു. മെത്രാപോലീത്തയെ അനുകൂലിക്കുന്നവര്‍ നല്‍കിയ ഹര്‍ജിയില്‍ കോട്ടയം മുന്‍സിഫ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ബാവയുടെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്.

ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. സഭാ മേലധ്യക്ഷന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതായിരുന്നു സസ്പന്‍ഷന് കാരണം. ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് അമേരിക്കയിലെ ക്‌നാനായ യാക്കോബായ പളളികളില്‍ ആരാധനയ്ക്ക് അവസരമൊരുക്കി, ഓര്‍ത്തഡോക്‌സ് കാതോലിക്കാ ബാവയ്ക്ക് അമേരിക്കയില്‍ സ്വീകരണം നല്‍കി തുടങ്ങി നിരവധി കാരണങ്ങളാണ് നിരത്തിയത്.

ഇക്കാര്യത്തില്‍ ഒന്നും അറിഞ്ഞില്ലെന്ന ബിഷപ്പിന്റെ വാദം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. എന്നാല്‍ ക്‌നാനായ യാക്കോബായ സഭയുടെ സുപ്രധാന കൗണ്‍സില്‍ യോഗം വരുന്ന 21 ന് ചേരാനിക്കെയാണ് ഈ നടപടി.

പാത്രിയര്‍ക്കീസ് ബാവയുടെ ഭരണപരമായ അധികാരങ്ങള്‍ ക്‌നാനായ യാക്കോബായ സഭയില്‍ വേണ്ടെന്നും ആത്മീയധികാരം മാത്രം മതിയെന്നുമുളള ഭരണഘടനാ ഭേദഗതിക്ക് നീക്കം നടക്കുന്നതിനിടെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങിയത്.