Thursday, May 2, 2024
keralaNews

നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ,ടാക്സി ഡിസംബര്‍ 30 ന് പണി മുടക്കിലേക്ക്. നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.സംയുക്ത ഓട്ടോ ടാക്സിലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോ,ടാക്സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ,ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ അറിയിച്ചു.ചിലവുകള്‍ കൂടിയതിനാല്‍ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്.

ഓട്ടോ,ടാക്‌സി നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളില്‍ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടി 30 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിന് മുമ്പ് ഓട്ടോ, ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ കൂട്ടിയത് 2018 ഡിസംബറിലാണ്. മിനിമം നിരക്ക് ഓട്ടോയ്ക്ക് 25 രൂപയാക്കിയാണ് അന്ന് കൂട്ടിയത്.നടപടിയുണ്ടായില്ലെങ്കില്‍ ജനുവരിയില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സമരസമിതി കണ്‍വീനര്‍ വ്യക്തമാക്കി.