Monday, May 6, 2024
keralaNews

45 വയസ്സ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ഇന്നു തുടങ്ങും

ഓണ്‍ലൈന്‍ മുഖേനയും ആശുപത്രി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയും റജിസ്റ്റര്‍ ചെയ്യാം. പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കണം. ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് അതനുസരിച്ച് വാക്‌സീന്‍ കേന്ദ്രത്തില്‍ എത്തുന്നതു തിരക്ക് ഒഴിവാക്കാന്‍ സഹായിക്കും. www.cowin.gov.in എന്ന വെബ്‌സൈറ്റിലാണു റജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിലൂടെ വ്യക്തികള്‍ക്കു സൗകര്യപ്രദമായ ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം.

45 വയസ്സ് കഴിഞ്ഞവര്‍ക്കു 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. വരും ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്.സംസ്ഥാനത്ത് 9,51,500 ഡോസ് വാക്‌സീന്‍ കൂടി ഉടന്‍ എത്തും. തിരുവനന്തപുരത്ത് ഇന്നലെ 4,40,500 ഡോസ് എത്തിച്ചു. എറണാകുളത്ത് ഇന്ന് 5,11,000 ഡോസ് എത്തും.

ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, 60 വയസ്സു കഴിഞ്ഞവര്‍, 5നും 59നും ഇടയില്‍ പ്രായമുള്ള മറ്റു രോഗബാധിതര്‍ എന്നിവര്‍ക്കാണ് ഇന്നലെ വരെ വാക്‌സിനേഷന്‍ നടത്തിയത്.സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സീന്‍ വിതരണം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,84,411 പേര്‍ ആദ്യ ഡോസും 3,15,226 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 1,09,670 പേര്‍ക്ക് ആദ്യ ഡോസും 69230 പേര്‍ക്കു രണ്ടാം ഡോസും കുത്തിവച്ചു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ 3,22,548 പേര്‍ ആദ്യ ഡോസും 12,123 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. 60 കഴിഞ്ഞവര്‍, 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റു രോഗബാധിതര്‍ എന്നിവരില്‍ നിന്നു 21,88,287 പേരാണ് ആദ്യ ഡോസ് വാക്‌സീന്‍ കുത്തിവച്ചത്.