Sunday, April 28, 2024
keralaNews

45 ഉദ്യോഗസ്ഥരില്‍ 37 പേര്‍ക്കും കോവിഡ്; കാഞ്ഞിരപ്പള്ളിയില്‍ താല്‍ക്കാലിക ഫയര്‍‌സ്റ്റേഷന്‍

അഗ്‌നിരക്ഷാ നിലയത്തിലെ 45 ഉദ്യോഗസ്ഥരില്‍ 37 പേര്‍ക്കും കോവിഡ് പോസിറ്റീവായ സാഹചര്യത്തില്‍ താല്‍ക്കാലിക ഫയര്‍‌സ്റ്റേഷന്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോട്ടയം ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരു മൊബൈല്‍ ടാങ്ക് യൂണിറ്റും ഈരാറ്റുപേട്ട, പാലാ ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നായി 3 വീതം 6 ഉദ്യോഗസ്ഥരെയുമാണു നിയോഗിച്ചിട്ടുള്ളത്. ഫയര്‍ സ്റ്റേഷനിലേക്കു വരുന്ന ഫോണ്‍ കോളുകള്‍ താല്‍ക്കാലിക സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണില്‍ അറിയിക്കും.

45 ഉദ്യോഗസ്ഥരില്‍ 37 പേര്‍ക്കും കോവിഡ് പോസിറ്റീവായതോടെയാണു ഫയര്‍‌സ്റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചത്. വാഹനങ്ങളും മറ്റ് വിലപിടിപ്പുള്ള ഉപകരണങ്ങളും ഉള്ളതിനാല്‍ നിലവില്‍ കോവിഡ് പോസിറ്റീവായ 5 ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ്. സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടാകുന്ന ആവശ്യങ്ങള്‍ക്ക് താല്‍ക്കാലികമായി ആരംഭിച്ച യൂണിറ്റ് തികയാതെ വന്നാല്‍ ഈരാറ്റുപേട്ട, പാമ്പാടി, പീരുമേട്, റാന്നി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.