Sunday, May 12, 2024
keralaNews

കൂസലും കുറ്റബോധവും തെല്ലും ഇല്ലാതെ സനു മോഹന്‍; വൈഗയുടെ മാലയും മോതിരവും വിറ്റു മദ്യവും സിഗരറ്റും വാങ്ങി

പുഴയില്‍ തള്ളും മുന്‍പു തന്നെ മകള്‍ വൈഗയുടെ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുത്തിരുന്നതായി പിതാവ് സനു മോഹന്റെ വെളിപ്പെടുത്തല്‍. വൈഗയുടെ മാലയും മോതിരവും വിറ്റതായും സംസ്ഥാന അതിര്‍ത്തി വിടും മുന്‍പ് ആവശ്യത്തിനു മദ്യവും സിഗരറ്റും കാറില്‍ കരുതിയതായും ഇയാള്‍ മൊഴി നല്‍കി. സനു മോഹനുമായി ഇന്നലെ പൊലീസ് തെളിവെടുപ്പു തുടങ്ങി. സനുവും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം അപ്പാര്‍ട്‌മെന്റ്‌സിലാണ് ആദ്യമെത്തിച്ചത്. കൂസലും കുറ്റബോധവും തെല്ലും ഇല്ലാതെയാണു സനുമോഹന്‍ തെളിവെടുപ്പു പൂര്‍ത്തിയാക്കിയത്.

പൊലീസിന്റെ ചോദ്യങ്ങള്‍ക്കു പതറാതെ ഉത്തരം നല്‍കി. തൃക്കാക്കര എസിപി ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സഹിതമായിരുന്നു ഇന്നലെ രാവിലെ പതിനൊന്നോടെ തെളിവെടുപ്പ്. ഫ്‌ലാറ്റ് പരിസരത്തേക്ക് ആരെയും പൊലീസ് അടുപ്പിച്ചില്ല. ഫ്‌ലാറ്റിലെ മുറികളിലെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം തിരിച്ചിറങ്ങിയ സനുമോഹന്‍ താഴെ കാണാന്‍ നിന്ന ഫ്‌ലാറ്റ് നിവാസികള്‍ക്കു മുന്നില്‍ പുറം തിരിഞ്ഞു നിന്നു. കൂട്ടംകൂടി നിന്നവര്‍ക്ക് അഭിമുഖമായി സനുമോഹനെ പൊലീസ് തിരിച്ചു നിര്‍ത്തി. അക്കൂട്ടത്തില്‍ സനു മോഹന്‍ പണം കടം വാങ്ങിയ ആരൊക്കെയുണ്ടെന്നു ചോദിച്ചു.

അവരെ സനുമോഹന്‍ കാണിച്ചുകൊടുത്തു. അവിടെ നിന്നു ജീപ്പില്‍ കയറ്റിയ സനു മോഹനെ ഭാര്യ രമ്യയുടെയും വൈഗയുടെയും ഫോണുകള്‍ വലിച്ചെറിഞ്ഞ എച്ച്എംടി റോഡിനു സമീപത്തെ കാടിനു മുന്നിലാണു പിന്നീട് എത്തിച്ചത്. അവിടെ നിന്നു ചേരാനല്ലൂര്‍ ഭാഗത്തേക്കു കൊണ്ടുപോയ ശേഷമാണ് വൈഗയെ വലിച്ചെറിഞ്ഞ മുട്ടാര്‍പുഴയിലെ ചക്യാടം കടവില്‍ എത്തിച്ചത്. കാര്‍ കൊണ്ടുവന്നു നിര്‍ത്തിയ സ്ഥലവും കാറില്‍ നിന്നു വൈഗയെ എടുത്തു കൊണ്ടുപോയ വിധവും പുഴയില്‍ മരത്തിനോടു ചേര്‍ന്നു തള്ളിയിട്ട സ്ഥലവും കാണിച്ചുകൊടുത്തു.

കങ്ങരപ്പടിയില്‍ മൊബൈല്‍ ഫോണ്‍ വിറ്റ കട, ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയ പണമിടപാട് സ്ഥാപനം എന്നിവിടങ്ങളിലും സനു മോഹനെ എത്തിച്ചു തെളിവെടുത്തു. സനു മോഹനുമായി 4 സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിനായി പൊലീസ് ഇന്ന് പുറപ്പെടും.