Tuesday, May 7, 2024
keralaNewspolitics

ഹൈന്ദവരെ അവഹേളിച്ച് തൃശൂര്‍ എംഎല്‍എ

തൃശൂര്‍: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച് തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന്‍. സമൂഹ മാദ്ധ്യമമായ ഫേസ്ബുക്കിലൂടെയാണ് ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന വിധത്തില്‍ എംഎല്‍എ പോസ്റ്റിട്ടത്. ശ്രീരാമനെയും സീതാദേവിയെയും ലക്ഷ്മണനെയും അവഹേളിച്ചാണ് ബാലചന്ദ്രന്‍ കുറിപ്പ് പങ്കുവച്ചത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

രാമന്‍ ഒരു സാധുവായിരുന്നു കാലില്‍ ആണിയുണ്ടായിരുന്നതുകൊണ്ട് എടുത്ത് ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പൊറോട്ടയും കൊണ്ടു വന്നു. ചേട്ടത്തി സീത അതു മൂന്നു പേര്‍ക്കും വിളമ്പി. അപ്പോള്‍ ഒരു മാന്‍ കുട്ടി അതു വഴി വന്നു. സീത പറഞ്ഞു രാമേട്ടാ അതിനെ കറി വച്ച് തരണം, രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ച് നേരം പോയി. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയി നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടു വാ.. മുല്ലപ്പൂ പന്തല്‍ ഷാപ്പില്‍ മാനിറച്ചിയല്ല ഏത് ഇറച്ചിയും കിട്ടും. അപ്പോള്‍ രാമാനുജന്റെ മനസ്സില്‍ ഇറച്ചി തന്നെയായിരുന്നു.

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റ്  പിന്‍വലിച്ച് എം എല്‍ എ മാപ്പ് പറഞ്ഞു . 

 

 

പി. ബാലചന്ദ്രന്‍ എംഎല്‍എ സ്ഥാനമൊഴിയണം: ബിജെപി

തൃശൂര്‍: രാമായണത്തെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് സിപിഐ നേതാവും എംഎല്‍എയുമായ പി. ബാലചന്ദ്രന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍. മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലാണ് പി ബാലചന്ദ്രന്‍ പോസ്റ്റ് പങ്കുവച്ചത്.

രാമായണത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗം വളച്ചൊടിച്ച് മോശമായി ചിത്രീകരിച്ചെന്നും അനീഷ്‌കുമാര്‍ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശമാണ് എംഎല്‍എയുടെ ഭാഗത്തു നിന്നുണ്ടായതെന്നും മനപൂര്‍വ്വം കലാപം സൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

മതവികാരം വ്രണപ്പെടുത്തിയതിനെതിരെ ഇന്ന് വൈകിട്ട് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് ബിജെപി മാര്‍ച്ച് നടത്തും. പി. ബാലചന്ദ്രനെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായും അനീഷ്‌കുമാര്‍ പറഞ്ഞു. ബാലചന്ദ്രന്‍ ചെയ്തത് ഭരണഘടനാ ലംഘനവും നിയമവ്യവസ്ഥയ്ക്കെതിരെയുള്ള വെല്ലുവിളിയുമാണ്.

മത ഭീകരവാദികളെ പ്രീതിപ്പെടുത്താനുള്ള സമീപനമാണ് ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കണ്ടതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. പി. ബാലചന്ദ്രന്‍ എംഎല്‍എ സ്ഥാനമൊഴിയണമെന്നും ഇയാള്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും അനീഷ്‌കുമാര്‍ അറിയിച്ചു.