Sunday, May 5, 2024
indiakeralaNews

പ്രദീപിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സുലൂരില്‍നിന്നു ജന്മനാടായ പൊന്നൂക്കരയിലേക്ക്

തൃശൂര്‍; കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ.പ്രദീപിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സുലൂരില്‍നിന്നു പ്രദീപിന്റെ ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് പുറപ്പെട്ടു. ഡല്‍ഹിയില്‍നിന്നു പ്രത്യേക വിമാനത്തില്‍ രാവിലെ 11 മണിയോടെയാണ് മൃതദേഹം സുലൂര്‍ വ്യോമതാവളത്തില്‍ എത്തിച്ചത്. ഇവിടെവച്ചു ടി.എന്‍.പ്രതാപന്‍ എംപി ആദരാഞ്ജലി അര്‍പ്പിച്ചു.ടി.എന്‍.പ്രതാപനും കേന്ദ്രമന്ത്രി വി. മുരളീധരനും ആംബുലന്‍സിനെ അനുഗമിക്കുന്നുണ്ട്. വാളയാര്‍ അതിര്‍ത്തിയില്‍ മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, കെ.രാജന്‍ എന്നിവര്‍ ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങും. സംസ്‌കാരം ഇന്ന് വൈകിട്ട് 5.30ന് തൃശൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. അതിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രദീപ് പഠിച്ച പുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടാകും.