Sunday, May 5, 2024
indiaNews

ഹിമാചല്‍പ്രദേശിലുണ്ടായ പ്രളയത്തില്‍ കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു.

ഹിമാചല്‍പ്രദേശിലുണ്ടായ പ്രളയത്തില്‍ കെട്ടിടങ്ങളും പാലങ്ങളും തകരുന്നതിന്റെയും കാറുകള്‍ ഒലിച്ചു പോകുന്നതിന്റെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. നിമിഷങ്ങള്‍ക്കൊണ്ടാണ് മണാലിയില്‍ ബസ് ഒലിച്ചു പോയത്. കുളുവില്‍ ബിയാസ് നദിയുടെ കരയിലുള്ള കെട്ടിടങ്ങള്‍ ഒലിച്ചുപോയി. നദി കരകവിഞ്ഞ് ഒട്ടേറെ കാറുകള്‍ ഒഴുകിപ്പോയി. പാലങ്ങള്‍ തകര്‍ന്നു പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.ജനവാസ കേന്ദ്രങ്ങളിലേക്കു തടികളും വാഹനങ്ങളും ഒഴുകിയെത്തുകയാണ്. 72 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മാണ്ഡികുളു ദേശീയ പാത അടച്ചു.അടുത്ത 24 മണിക്കൂര്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നു മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു അഭ്യര്‍ഥിച്ചു. ”അടുത്ത 24 മണിക്കൂര്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 1100, 1070, 1077 ഈ മൂന്ന് സഹായ നമ്പരുകളില്‍ ജനങ്ങള്‍ക്കു ബന്ധപ്പെടാം. 24 മണിക്കൂറും നിങ്ങളെ സഹായിക്കാന്‍ ഞാന്‍ കൂടെയുണ്ട്.” മുഖ്യമന്ത്രി പറഞ്ഞു. ആറുജില്ലകളില്‍ പ്രളയമുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മിന്നല്‍ പ്രളയത്തിനു സാധ്യതയുള്ളതായും ജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഷിംല ജില്ലയില്‍ നിന്നും ഡറാഡൂണിലേക്കു പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ടു. ബസില്‍ നിന്നും ജനലിലൂടെ ജനങ്ങള്‍ രക്ഷപ്പെടുകയായിരുന്നു. ഇന്നും നാളെയു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.