Thursday, May 16, 2024
keralaNewspolitics

ഗവര്‍ണറുടെ റിപബ്ലിക് ദിന സല്‍ക്കാരമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചത്

തിരുവനന്തപുരം 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ സല്‍ക്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു .രാജ്ഭവനില്‍ 30 നാണ് അറ്റ് ഹോം സംഘടിപ്പിച്ചത്. ഇതുവരെയും വിരുന്നില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും എത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

റിപ്പബ്ലിക് ദിന സന്ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍, അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകള്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന് അനിവാര്യമാണ്. വിയോജിപ്പുകള്‍ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗവര്‍ണര്‍ പ്രശംസിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം ഗവര്‍ണര്‍ വായിച്ചത് വലിയ ചര്‍ച്ചയായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍, മണിപ്പൂര്‍ വിഷയത്തിലെ നിലപാട്, സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന സുപ്രധാന ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്.

75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.