Tuesday, May 21, 2024
keralaNewspolitics

എല്‍ഡിഎഫും യുഡിഎഫും ഇരട്ടകള്‍: നരേന്ദ്ര മോദി

ദുര്‍ഭരണത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഇരട്ടകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ബംഗാളില്‍ ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും കൂടുതല്‍ അടുക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം ലയിച്ചു കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിസിസിപി ഉണ്ടാക്കുന്നതാണു നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കേരളം മാറിമാറി ഭരിച്ച എല്‍ഡിഎഫ് – യുഡിഎഫ് സര്‍ക്കാരുകള്‍ അഴിമതി നടത്താനാണു മത്സരിച്ചത്. ഈ തിരഞ്ഞെടുപ്പോടെ ഇവയുടെ കാലം കഴിയുമെന്നും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) നയങ്ങള്‍ കേരളം സ്വീകരിച്ചെന്നും പത്തനംതിട്ടയിലും തിരുവനന്തപുരത്തും തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ മോദി അവകാശപ്പെട്ടു.കേന്ദ്രം നല്‍കുന്ന തുക പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ അനന്ത സാധ്യതകള്‍ കേരളം ഭരിച്ച സര്‍ക്കാരുകള്‍ ഉപയോഗിച്ചില്ല. ജലജീവന്‍ മിഷന്റെ കുടിവെള്ള പദ്ധതിയില്‍ ആകെ 4% മാത്രമാണ് കേരളത്തില്‍ നടപ്പായത്. യുഡിഎഫിനാകട്ടെ എല്‍ഡിഎഫിനെ തോല്‍പ്പിക്കാനുള്ള കഴിവോ താല്‍പര്യമോ ഇല്ല.

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ മോദി, ഭാരതീയ സംസ്‌കാരത്തെ എക്കാലവും തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചവരാണ് ഇടതു പക്ഷക്കാരെന്നും ആരോപിച്ചു.1970 കാലഘട്ടത്തില്‍ രാജ്യമെമ്പാടും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ അഴിമതിക്കും ദുര്‍ഭരണത്തിനും എതിരെ ഉണ്ടായ മുന്നേറ്റത്തിനു സമാനമാണ് കേരളത്തിലെ ഇപ്പോഴത്തെ വികാരം പ്രധാനമന്ത്രി പറഞ്ഞു.