Thursday, April 25, 2024
AstrologykeralaNews

അനന്തപുരിയുടെ മണ്ണില്‍ കരിക്കകത്തമ്മയ്ക്ക് പൊങ്കാല

തിരുവനന്തപുരം: കരിക്കം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല ഇന്ന്. രാവിലെ 9.40-ന് ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പണ്ടാര അടുപ്പില്‍ തീ പടരും. ഉച്ചയ്ക്ക് 2.15-ന് തങ്കത്തില്‍ പൊതിഞ്ഞ ഉടവാള്‍ പൊങ്കാല കളത്തില്‍ എഴുന്നുള്ളിച്ച് പൊങ്കാല തര്‍പ്പണം നടത്തും. രാത്രി അത്താഴ പൂജയ്ക്ക് ശേഷം ദേവിയുടെ ഉടവാള്‍ ഗുരുതി കളത്തില്‍ എഴുന്നുള്ളിച്ച് ഗുരുതി നടത്തുന്നതോടെ ഈ വര്‍ഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും. തിങ്കളാഴ്ച രാവിലെ 7.30-നാണ് നടത്തുറക്കുന്നത്. ആറാം ഉത്സവ ദിവസമായ ഇന്നലെ ഭക്തിനിര്‍ഭരമായ സന്നിധിയില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ദേവിയെ പുറത്തെളുന്നുള്ളിച്ചത്. ഭക്തര്‍ പൂര്‍ണമായും ഹരിതചട്ടം പാലിക്കണമെന്ന് ഭാരവാഹികള്‍ നിര്‍ദേശിച്ചു. ജില്ലയിലെ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുണ്ടാകും. തിരികെ പോകുന്നതിനായി ബൈപാസില്‍ ഇരുവശങ്ങളിലായി ബസുകള്‍ ക്രമീകരിക്കും.