Friday, May 3, 2024
indiaNewsworld

സമ്മര്‍ദ്ദം ഫലിച്ചു; പിപി-15ല്‍ നിന്നുള്ള ചൈനയുടെ സൈനിക പിന്മാറ്റം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ലഡാക്കിലെ പിപി-15 മേഖലയില്‍ നിന്നും ചൈനയുടേയും ഇന്ത്യയുടേയും സൈനിക പിന്മാറ്റം പൂര്‍ത്തിയായതായി കരസേന. 2020ല്‍ സംഘര്‍ഷത്തിലേയ്ക്ക് സ്ഥിതിഗതികള്‍ എത്തിച്ചത് ചൈനയാണെന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിക്കുന്നതില്‍ തിടുക്കം കാണിക്കില്ലെന്നും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ വ്യക്തമാക്കി. ഗോഗ്രാ മലനിരകളില്‍ നിന്നും ഹോട്ട് സ്പ്രിംഗ് മേഖലയില്‍ നിന്നുമാണ് കമാന്റര്‍ തല ചര്‍ച്ചകളെ തുടര്‍ന്ന് സൈന്യത്തെ പിന്‍വലിയ്ക്കാന്‍ ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഇന്ത്യ ശക്തമാക്കിയത്. ഇന്നലെയാണ് സേനാ പിന്മാറ്റം പൂര്‍ത്തിയായത്. തുടര്‍ന്ന് രണ്ടു സേനകളുടേയും കമാന്റര്‍മാര്‍ പരസ്പരം സേനകളുടെ നിലവിലെ തമ്പടിച്ചിരിക്കുന്ന മേഖലകളുടെ സ്ഥാനം വിലയിരുത്തി. ഇന്ത്യയുടേയും ചൈനയുടേയും സൈനിക നിര പട്രോള്‍ പോയിന്റ്-15ല്‍ നിന്നും നിശ്ചിത ദൂരത്തേയ്ക്കുള്ള പിന്മാറ്റം പൂര്‍ത്തിയായി. കിഴക്കന്‍ ലഡാക്കിലെ യാഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ പാലിച്ചുള്ള പിന്മാറ്റമാണ് നടന്നിരിക്കുന്നത്. ഇരു സൈനിക നിരയുടേയും മേധാവികള്‍ പരസ്പരം സൈന്യങ്ങള്‍ നിലവില്‍ തമ്പടിച്ചി രിക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്ത മാക്കി. ഗാല്‍വാനിലേയും പാംഗോങ്സോ തടാകക്കരയിലേയും സേനാ പിന്മാറ്റം നേരത്തേ പൂര്‍ത്തിയായിരുന്നു. മൂന്നാമത്തെ മേഖലയായ ഗോഗ്രാ അതിര്‍ത്തിയിലെ പിന്മാറ്റമാണ് രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഈ മാസം ചൈന പൂര്‍ത്തിയാക്കിയത്. അരലക്ഷം സൈനികരെ അതിര്‍ത്തിയിലെത്തിച്ച ചൈനയ്ക്കെതിരെ അത്രതന്നെ സൈനികരെ അണിനിരത്തിയാണ് ഇന്ത്യയും പ്രതിരോധം തീര്‍ത്തത്. ചൈനീസ് സൈന്യം ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിക്കാറുള്ള ദൗലദ് ബെഗ് ഓള്‍ഡിയിലേയും ദോംചോക് മേഖലയിലെ തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കരസേന അറിയിച്ചു. സൈന്യത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എക്സര്‍സൈസ് ബ്ലിറ്റ്സ്‌ക്രീഗ്, എക്സര്‍സൈസ് റെഡ് ഹണ്ട് എന്നിവയ്ക്ക് പിന്നാലെ എക്സര്‍സൈസ് പര്‍വത് പ്രഹാര്‍ എന്നിവയും കരസേന പൂര്‍ത്തിയാക്കിതായി കമാന്റര്‍മാര്‍ അറിയിച്ചു.