Saturday, May 4, 2024
HealthkeralaNews

ഹരിത ചട്ടപാലനം: കോട്ടയം ജില്ലാ ഹോമിയോ ആശുപത്രി ഒന്നാമത്

ഹരിതചട്ട പാലനത്തില്‍ നൂറില്‍ നൂറു മാര്‍ക്കും നേടി ജില്ലാ ഹോമിയോ ആശുപത്രി മാതൃകാ ഹരിത ഓഫീസായി തിരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ച് ഹരിത കേരളം മിഷനാണ് പുരസ്‌കാരം നല്‍കിയത്.

ഹരിത കേരളം മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി കോട്ടയം നാഗമ്ബടത്തെ ആശുപത്രിയില്‍ നടത്തി വരുന്നത്. ജീവനക്കാര്‍ പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളും ബോട്ടിലുകളുമാണ് ഉപയോഗിക്കുന്നത്.

കടലാസ് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ജീവനക്കാര്‍ സ്വയം നിര്‍മ്മിച്ച ജൈവ ബിന്നുകളാണ് ഉപയോഗിക്കുന്നത്. പൊതുജന ബോധവത്കരണത്തിന് ആശുപത്രിയില്‍ പ്രകൃതി സൗഹൃദ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ആശുപത്രിയില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഹരിത പെരുമാറ്റച്ചട്ടം പൂര്‍ണമായും പാലിക്കുന്നു. ഉപയോഗ ശൂന്യമായ കുപ്പികളില്‍ അലങ്കാര ചെടികള്‍ നട്ട് അകത്തളം മോടി പിടിപ്പിച്ചിട്ടുണ്ട്.

കുമാരനെല്ലൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ മട്ടുപ്പാവ് കൃഷിയ്ക്കും ജീവനക്കാര്‍ സമയം കണ്ടെത്തുന്നു. തക്കാളി, വെണ്ട എന്നിവയുടെ വിളവെടുപ്പ് പൂര്‍ത്തിയാക്കി രണ്ടാം ഘട്ട കൃഷിക്ക് തുടക്കം കുറിച്ചു. വകുപ്പിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200 ഗ്രോബാഗുകളിലായി വെണ്ടയും കോളിഫ്‌ളവറും കൃഷി ചെയ്യുന്നു.

ആശുപത്രിയിലെ ഭക്ഷണ അവശിഷ്ടം പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കുന്നു.അജൈവ മാലിന്യം കോട്ടയം നഗരസഭയിലെ ഹരിതകര്‍മ്മസേനക്ക് കൈമാറും. ശലഭോദ്യനം, ജൈവവേലി എന്നിവയും ആശുപത്രി പരിസരത്ത് ഒരുക്കിയിട്ടുണ്ട്. പുനരുപയോഗിക്കാന്‍ സാധിക്കാത്ത പാസ്റ്റിക് ഉത്പനങ്ങള്‍ക്ക് ആശുപതിയില്‍ പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.