Sunday, May 5, 2024
HealthkeralaNews

സ്‌ട്രെച്ചറില്‍ കിടക്കുന്ന അമ്മയ്ക്ക് വായിലൂടെ കൃത്രിമശ്വാസം നല്‍കി മക്കള്‍

ഉത്തരേന്ത്യയില്‍ പലയിടത്തുനിന്നും ഓക്‌സിജന്‍ ക്ഷാമം അടക്കമുള്ളവ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശില്‍നിന്ന് ആശയറ്റൊരു വാര്‍ത്ത. യുപിയിലെ ബഹ്‌റേച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അമ്മയ്ക്ക് രണ്ടു പെണ്‍മക്കള്‍ മാറിമാറി വായിലൂടെ കൃത്രിമശ്വാസം നല്‍കുന്നതിന്റെ വിഡിയോ പുറത്തുവന്നു. സ്‌ട്രെച്ചറില്‍ കിടക്കുന്ന രോഗിക്കാണ് ഇത്തരത്തില്‍ കൃത്രിമശ്വാസം നല്‍കുന്നത്. ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചും ജീവനക്കാരുടെ കുറവിനെക്കുറിച്ചും പരിസരത്തുള്ളവര്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.

അതേസമയം, ഗുരുതരമായ ശ്വാസതടസ്സത്തോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചതെന്നും ഡോക്ടര്‍ പരിശോധിച്ചതിനു പിന്നാലെതന്നെ മരിച്ചുവെന്നും അടിയന്തര മെഡിക്കല്‍ ഓഫിസര്‍ അതിസം അലി പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജില്ലാ മജിസ്‌ട്രേറ്റ് ശംഭുകുമാറും മുതിര്‍ന്ന ഡോക്ടര്‍മാരും ഇവിടെ എത്തുകയും ഇവരെ പരിശോധിക്കുകയു ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച അടിയന്തര വിഭാഗത്തിലേക്കാണ് രോഗിയെ എത്തിച്ചെതെന്നും ഇവര്‍ മരണക്കിടക്കിയില്‍ ആയിരുന്നുവെന്ന് മക്കള്‍ പറഞ്ഞുവെന്നും മഹാരാജ് സുഹെല്‍ദേവ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എ.കെ.സാഹ്നി പറഞ്ഞു. ഡോക്ടര്‍മാര്‍ ചികില്‍സ തുടങ്ങിയതിനു പിന്നാലെ ഇവര്‍ മരിക്കുകയും ചെയ്തു. വികാരഭരിതരായതിനാലാണ് പെണ്‍കുട്ടികള്‍ വായിലൂടെ കൃത്രിമശ്വാസം നല്‍കിയതെന്നും സാഹ്നി പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ഓക്‌സിജനു ക്ഷാമമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.