Sunday, April 28, 2024
keralaNews

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ ജയില്‍ മോചിതനായായി. കോഫെപോസ തടവ് അവസാനിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. നേരത്തെ, സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതിക്ക് പുറത്തിറങ്ങിയത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി വന്‍ സ്വര്‍ണ്ണക്കടത്താണ് സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരടങ്ങുന്ന സംഘം യുഎഇ കോണ്‍സല്‍ ജനറല്‍ അറ്റാഷെയെ എന്നിവരുടെ അടക്കം സഹായത്തോടെ നടത്തിയത്. 30 കിലോയുടെ സ്വര്‍ണ്ണമാണ് ഒരു തവണ മാത്രം കടത്തിയത്. ഇത്തരത്തില്‍ 21 തവണ കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.കസ്റ്റംസ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായര്‍ എന്‍ ഐ എയുടെ കേസില്‍ മാപ്പുസാക്ഷിയാണ്. യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും കളളക്കടത്തിന്റെ രാജ്യാന്തര സൂത്രധാരന്‍മാരെന്നാണ് സന്ദീപ് നായര്‍ തന്നെ എന്‍ഐ എ കോടതിയില്‍ പറഞ്ഞത്. രാജ്യത്തിന്റെ സാന്പത്തിക ഭദ്രതയെ തകര്‍ക്കുന്ന തീവ്രവാദം എന്ന പേരിലാണ് എന്‍ ഐ എ അങ്കപ്പുറപ്പാട് നടത്തിയതും. എന്നിട്ടും കോണ്‍സല്‍ ജനറലും അറ്റാഷെയും എന്‍ ഐ എ കേസില്‍ പ്രതികളല്ല. സന്ദീപ് മാപ്പുസാക്ഷിയുമാണ്. എന്നാല്‍ കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളില്‍ ഇവര്‍ക്കേതിരായ അന്വേഷണമുണ്ട്.