Monday, May 6, 2024
keralaNews

സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തു.

രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തു.രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ അര്‍ജുനെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.സ്വര്‍ണക്കടത്തിന് അര്‍ജുന്‍ ഉപയോഗിച്ച കാര്‍ കഴിഞ്ഞദിവസം തളിപ്പറമ്പ് കുളപ്പുറത്ത് കുന്നിന്‍മുകളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ചുവന്ന സ്വിഫ്റ്റ് കാറിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയില്‍ ഞായറാഴ്ച വൈകീട്ട് പരിയാരം പൊലീസാണ് വാഹനം കുന്നിന്‍മുകളിലെ കാട്ടിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.അഞ്ചരക്കണ്ടി കൊയ്യോട് സ്വദേശിയും സി.പി.എം ബ്രാഞ്ച് അംഗവുമായിരുന്ന സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഇയാളെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.2.33 കിലോഗ്രാം സ്വര്‍ണവുമായി കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് പിടിയിലായത്. സ്വര്‍ണം കസ്റ്റംസ് പിടികൂടിയതറിഞ്ഞ് വിമാനത്താവളത്തിലെത്തിയ അര്‍ജുന്‍ മടങ്ങിപോകുകയായിരുന്നു
സി.പി.എമ്മിനെ മറയാക്കിയാണ് അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഡി.വൈ.എഫ്.ഐ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുനെ സ്ഥാനത്തുനിന്നും നീക്കിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു.