Saturday, May 4, 2024
keralaNews

സ്വര്‍ണക്കടത്തിനു പിന്നില്‍ ദാവൂദ് അല്‍ അറബി …

രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്തിന് പിറകില്‍ യു.എ.ഇ പൗരനായ ദാവൂദ് അല്‍ അറബിയെന്ന വ്യവസായിയാണെന്ന് കേസിലെ മുഖ്യ പ്രതി കെ.ടി റമീസിന്റെ മൊഴി. ദേശീയ അന്വേഷണ ഏജന്‍സി, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയ്ക്കു നല്‍കിയ മൊഴിയിലാണ് റമീസ് ദാവൂദെന്ന പേര് പരാമര്‍ശിക്കുന്നത്. കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണു മുഖ്യസൂത്രധാരന്‍ കെ.ടി. റമീസ് മൊഴി.ഇതിന് വിരുദ്ധമാണ് സന്ദീപ് നായരും ഭാര്യയും കാരാട്ട് റസാഖ്, ഫൈസല്‍ എന്നിവര്‍ക്കു വേണ്ടിയാണു ‘റമീസ് ഭായ്’ സ്വര്‍ണക്കടത്തു നടത്തുന്നതെന്നു നല്‍കിയ മൊഴി. സ്വര്‍ണ്ണ കടത്തിന് പിന്നില്‍ പിന്നില്‍ യുഎഇ പൗരന്‍ ‘ദാവൂദ് അല്‍ അറബി’യെന്ന വ്യവസായിയാണെന്നു റമീസ് മൊഴി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ പിടിയിലാവുന്നവര്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹായി നദീമുമായുള്ള ബന്ധം എന്‍ഐഎ ഗൗരവത്തോടെയാണ് എടുക്കുന്നത്.

അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇയാളെ പറ്റിയുള്ള വിവരം ഇന്ത്യയ്ക്ക് കൈമാറിയത്. 2019ല്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശികളായ സെറീനാ ഷാജിക്കും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വപ്നാ സുരേഷിനും സംഘത്തിനും നദീമുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ദാവൂദ് ഇബ്രഹാമിന്റെ കേരളത്തിലെ സ്വര്‍ണക്കടത്തു ബന്ധം അന്വേഷിച്ച് എന്‍ഐഎ മുമ്പോട്ട് പോവുകയാണ്.30 കിലോ സ്വര്‍ണം ഒളിപ്പിച്ച പാഴ്‌സല്‍ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ച വിവരമറിഞ്ഞ് റമീസ്, സന്ദീപിനെയും പി.എസ് സരിത്തിനെയും തിരുവന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ കണ്ടതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ സരിത്ത് കുറ്റം ഏല്‍ക്കണമെന്നും അതിനു പ്രതിഫലം നല്‍കാമെന്നും റമീസ് ഉറപ്പു നല്‍കി.പരമാവധി ശിക്ഷ ഒരു വര്‍ഷത്തെ കരുതല്‍ തടവാണെന്നും, ഡല്‍ഹിയില്‍ സ്വാധീനം ചെലുത്തി ആറുമാസം കഴിയുമ്പോള്‍ പിഴയടച്ച് ഇറക്കാമെന്നും റമീസ് വാക്കു നല്കിയതായും അന്വേഷണ സംഘം കണ്ടെത്തി.