Wednesday, May 8, 2024
keralaNewspolitics

സ്വര്‍ണക്കടത്ത് കേസില്‍ എന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നു: നികേഷ് കുമാര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തനിക്ക് അറിയില്ലെന്നും കേസില്‍ എന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്നും
മാദ്ധ്യമപ്രവര്‍ത്തകന്‍ എംവി നികേഷ് കുമാര്‍.

സ്വപ്ന സുരേഷും ഷാജ് കിരണും കൂടിച്ചേര്‍ന്ന് തന്നെ കുടുക്കാനാണ് ശ്രമിക്കുന്നത് എന്ന് നികേഷ് കുമാര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനാണ് ഷാജ് കിരണ്‍ തന്നെ വിളിക്കുന്നത്. സ്വപ്ന സുരേഷ് വിഷയം നമ്മള്‍ പുറത്തു കേള്‍ക്കുന്നതൊന്നും അല്ലെന്ന് ഷാജ് കിരണ്‍ പറഞ്ഞു.

സ്വപ്നയെ എച്ച്ആര്‍ഡിഎസ് തടങ്കലില്‍ വെച്ചിരിക്കുകയാണ്. വക്കീല്‍ ആണ് അവരെക്കൊണ്ട് പലതും പറയിപ്പിക്കുന്നത്.

അവര്‍ തന്നെ ബാത്ത്റൂമില്‍ ഇരുന്ന് വിളിച്ചിരുന്നുവെന്നും താന്‍ ആത്മഹത്യയുടെ മുന്നിലാണെന്ന് പറഞ്ഞുവെന്നും ഷാജ് കിരണ്‍ പറഞ്ഞു.

സ്വപ്നയുടെ അഭിമുഖമെടുക്കണമെന്നും ഷാജ് കിരണ്‍ തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ അഭിമുഖത്തിന്റെ പേര് പറഞ്ഞത് തന്നെ കുടുക്കാനാണ് അവര്‍ ലക്ഷ്യമിട്ടത്.

ബോധപൂര്‍വ്വമായ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍ നടന്നത് എന്നും സ്വപ്നയ്ക്കും ഷാജ് കിരണിനും പിന്നില്‍ മറ്റു ചിലര്‍ ഉള്ളതായി സംശയിക്കുന്നുവെന്നും നികേഷ് കുമാര്‍ പറഞ്ഞു.

തന്റെ പേര് സ്വപ്നയുടെ മുന്നില്‍ ആളാകാന്‍ ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ ഷാജ് ദുഖിക്കും. തനിക്ക് ആകെയുള്ള സ്വത്ത് ക്രെഡിബിലിറ്റിയാണ്. തന്റെ ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ സ്വപ്ന പുറത്തുവിടട്ടെ എന്നും നികേഷ് കുമാര്‍ പറഞ്ഞു.

തന്റെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടത് ചിലര്‍ നന്നായി ഉപയോഗിക്കുന്നുണ്ടെന്നും പൂര്‍ണ്ണ ബോധ്യം ഇല്ലാതെ ആസൂത്രണമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ലെന്നും നികേഷ് കൂട്ടിച്ചേര്‍ത്തു.