Saturday, May 4, 2024
keralaNews

സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാന്‍ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി സ്വപ്നയ്ക്ക് അനുമതി നല്‍കി. എന്നാല്‍, കേരളം വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചു.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ സ്വപ്നയ്ക്ക് നേരത്തെ തന്നെ ജാമ്യം കിട്ടിയിരുന്നു. എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം വിട്ടുപോകരുതെന്ന് ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നു. വീട് തിരുവനന്തപുരത്താണെന്നും അവിടെ പോകാന്‍ ഈ വ്യവസ്ഥ നീക്കണമെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ ആവശ്യം. സ്വപ്ന തിരുവനന്തപുരത്തേക്ക് പോകുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ കേരളം വിട്ടുപോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും എന്‍ഫോഴ്‌സ്‌മെന്റും കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.അതേസമയം, ഒന്നാം പ്രതി സരിത് (ഉള്‍പ്പെടെ നാല് പ്രതികള്‍ ഇന്ന് ജയിലില്‍ നിന്നുമിറങ്ങും. പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ള പ്രതികള്‍ക്കെതിരായ കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കും. നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയത് കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്യുന്നത് യുഎഇ കോണ്‍സിലേറ്റിലെ മുന്‍ ഉദ്യോഗസ്ഥനായ സരിത്തിനെയാണ്. സ്വര്‍ണ കടത്തിലെ മുഖ്യ ആസൂത്രകന്‍ സരിത്തെന്നാണ് കസ്റ്റംസ്, എന്‍ഐഎ ഏജന്‍സികളുടെ കണ്ടെത്തല്‍. ഒരു വര്‍ഷത്തിലേറെയായി സരിത് ജയിലാണ്.ജയിലിനുള്ളില്‍ വച്ച് മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന് സരിത് കോടതിയ്ക്ക് പരാതി നല്‍കിയിരുന്നു. സരിത്തിന്റെ സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ സ്വപ്ന, സന്ദീപ് നായര്‍ എന്നിവര്‍ നേരത്തെ ജയിലില്‍ നിന്നും ഇറങ്ങി. ഇതോടെ സ്വര്‍ണ കടത്തിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്തായി.