Friday, May 17, 2024
Newsworld

യൂറോപ്പിലെ ആണവനിലയത്തിന് നേരെ ആക്രമണം നടത്തി റഷ്യ  

കീവ് :യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍.യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. യുറോപ്പിലെ ഏറ്റവും വലിയ ആണവനിലയം വളഞ്ഞ് റഷ്യ വെടിയുതിര്‍ക്കുകയാണെന്ന് യുക്രെയ്ന്‍ അറിയിച്ചു. യുക്രെയ്‌നിലെ സ്‌പോര്‍ഷ്യ ആണവനിലയത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആണവനിലയത്തില്‍ തീപടര്‍ന്നതായി യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. അണുവികിരണത്തോത് ഉയര്‍ന്നു. തീയണയ്ക്കാന്‍ ഫയര്‍ എന്‍ജിനുകളെ അനുവദിച്ചു.

ചെര്‍ണോബിലിനേക്കാള്‍ പത്തിരട്ടി വലിയ ഭീഷണിയാണെന്നും റഷ്യ എത്രയും പെട്ടെന്ന് ആക്രമണം അവസാനിപ്പിക്കണമെന്നും യുക്രെയ്ന്‍ ആവശ്യപ്പെട്ടു. ആണവനിലത്തിലെ തീപിടിത്തത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

അതിനിടെ ചെര്‍ണീവില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരുക്കേറ്റു. രണ്ടു സ്‌കൂളുകളും സ്വകാര്യകെട്ടിടവും തകര്‍ന്നു. വടക്കന്‍ മോഖലയില്‍നിന്ന് റഷ്യന്‍ സേന കടന്നുകയറാന്‍ ശ്രമിക്കുന്ന ചെര്‍ണീവ് യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍നിന്ന് 120 കിലോമീറ്റര്‍ അകലെയാണ്

അതിനിടെ കീവിനെ ലക്ഷ്യംവച്ചുള്ള ക്രൂസ് മിസൈല്‍ തകര്‍ത്തെന്ന് യുക്രെയ്ന്‍ സൈന്യം അറിയിച്ചു. റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ആന്ദ്രേ സുഖോവെത്സ്‌കി യുക്രെയ്‌നില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം സ്ഥിരീകരിച്ചു. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.