Tuesday, April 30, 2024
keralaNews

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപെടുത്തിയ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയായ നൗഫലാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ പോലീസ് ഇയാളെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നൗഫലിനെ മലപ്പുറം എസ്പിക്ക് മുന്‍പാകെ ഹാജരാക്കാനാണ് തീരുമാനം. അതേസമയം മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളാണ് നൗഫല്‍ എന്ന് കുടുംബം പറയുന്നു.തന്റെ ജീവന് ഭീഷണിയുണ്ടെന്നും നിരന്തരം വധഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയാണ് ഭീഷണി സന്ദേശങ്ങള്‍ വരാന്‍ ആരംഭിച്ചത് എന്നാണ് ആരോപണം.നേരത്തെ ഇന്റര്‍നെറ്റിലൂടെയുള്ള ഫോണ്‍ വിളികളാണ് ലഭിച്ചതെങ്കില്‍, വിളിക്കുന്നയാളുടെ പേരും വിലാസവുമൊക്കെ പറഞ്ഞുള്ള ഫോണ്‍ വിളികളാണ് ഇപ്പോള്‍ വരുന്നത്.                     മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും മകളുടേയും പേര് പറയുന്നത് നിര്‍ത്താനും ആരോപണങ്ങള്‍ ഉന്നയിക്കാതെ ഒതുങ്ങിജീവിക്കാനും ഇല്ലെങ്കില്‍ ലോകത്ത് നിന്ന് ഇല്ലാതാക്കുമെന്നുമുള്ള ഭീഷണികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു.