Saturday, May 11, 2024
keralaNewspolitics

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം വയനാട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

വയനാട് : രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ്ആക്രമിച്ച സംഭവത്തിലാണ് നടപടി.             

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ഏഴംഗ അഡ്ഹോര്‍ കമ്മിറ്റിക്ക് പകരം ചുമതല നല്‍കി.

എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന എല്‍ദോസ് മത്തായി കണ്‍വീനറായിട്ടാണ് അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

വയനാട് ജില്ലയിലുളള നേതാക്കളെയാണ് അഡ് ഹോക്ക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന നേതൃത്വം കമ്മിറ്റിയെ നിരീക്ഷിക്കും.

ഒരു ദശാബ്ദത്തിന് ശേഷമാണ് ഒരു ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടുന്ന അച്ചടക്ക നടപടിക്ക് എസ്എഫ്ഐ നിര്‍ബന്ധിതമാകുന്നത്.

ജൂണ്‍ 25ന് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ അറിവില്ലാതെ മാര്‍ച്ച് സംഘടിപ്പിക്കുകയും,

മാര്‍ച്ച് സംഘടനക്കാകെ പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ ആക്രമാസക്തമാകുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് എസ്എഫ്ഐ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസില്‍ കഴിഞ്ഞ മാസം 25 ന് ആണ് എസ്എഫ്ഐ ആക്രമണം ഉണ്ടായത്.

ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എം പിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. വാതിലുകള്‍ തകര്‍ക്കുകയും ഫയലുകള്‍ വലിച്ചെറിയും ചെയ്ത പ്രവര്‍ത്തകര്‍ കസേരയില്‍ വാഴയും വെച്ചശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.