Sunday, May 5, 2024
keralaNews

സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവിട്ട സംഭവം: കസ്റ്റംസ് കമ്മിഷണര്‍ക്ക് അഡ്വക്കേറ്റ് ജനറലിന്റെ നോട്ടീസ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന് അഡ്വക്കേറ്റ് ജനറലിന്റെ നോട്ടീസ്. ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് കസ്റ്റംസ് കമ്മിഷണര്‍ക്ക് നോട്ടീസയച്ചത്. ഈ മാസം 16 ന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാവണം.

സുമിത് കുമാറിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ സിപിഎം നേതാവും ബാംബു കോര്‍പറേഷന്‍ ചെയര്‍മാനുമായ കെ.ജെ.ജേക്കബ് സമര്‍പ്പിച്ച പരാതിയിലാണ് അഡ്വക്കേറ്റ് ജനറലിന്റെ നടപടി. പരാതിയില്‍ അടുത്ത ചൊവ്വാഴ്ച തെളിവെടുക്കും.
പ്രതികള്‍ മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കുന്ന രഹസൃ മൊഴിയുടെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ നല്‍കാവൂ എന്നാണ് നിയമത്തിലെ വ്യവസ്ഥ. കേസന്വേഷണ ആവശ്യത്തിന് മാത്രമേ ഇത് ഉപയോഗിക്കാനാവൂ. ഏതെങ്കിലും വ്യക്തികള്‍ക്കോ, പൊതു ഇടത്തിലോ ഉത്തമ വിശ്വാസത്തോടെ നല്‍കിയ മൊഴി വെളിപ്പെടുത്താന്‍ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ അല്ലാത്ത കമ്മിഷണര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തത് നിയമ വിരുദ്ധമായ നടപടിയാണെന്നാണ് ആരോപണം.കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ കക്ഷിയല്ലാത്ത കമ്മിഷണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും വെളിപ്പെടുത്തിയതും കോടതി നടപടികളിലുള്ള കൈകടത്തലും പൊതു സമൂഹത്തില്‍ കോടതിയുടെ അന്തസ് ഇടിച്ചുതാഴ്ത്തുന്നതും ക്രിമിനല്‍ കോടതിയലക്ഷ്യവുമാണെന്നും കമ്മിഷണര്‍ക്കെതിരെ നടപടി വേണമെന്നും ജേക്കബിന്റെ പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. കസ്റ്റഡിയിലുള്ള സ്വപ്നയെ കൊണ്ട് രഹസ്യമൊഴി നിര്‍ബന്ധിച്ച് നല്‍കിച്ചതാണെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പരാമര്‍ശങ്ങളുള്ള മൊഴി കമ്മിഷണര്‍ പുറത്തുവിട്ടത് രാഷ്ട്രീയ മേലാളന്‍മാര്‍ക്ക് വേണ്ടിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.