Sunday, May 5, 2024
keralaNews

സ്വന്തം നാട്ടിലെ കര്‍ഷകനെ ബന്ദിയാക്കിയത് 9 മണിക്കൂര്‍

പ്രളയത്തില്‍ സ്വന്തമായതെല്ലാം നഷ്ടപ്പെട്ട് ജീവിക്കാന്‍ വകയില്ലാതെ പ്രയാസത്തിലായതോടെ ബുദ്ധിമുട്ടുകള്‍ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കാനെത്തിയ കുടിയേറ്റ കര്‍ഷകനെ പൊലീസ് ബന്ദിയാക്കിയത് 9 മണിക്കൂര്‍. മുരിക്കാശേരി തേക്കിന്‍തണ്ട് സ്വദേശി ഓലിക്കത്തൊട്ടിയല്‍ ദേവസ്യ ചാക്കോയെ (56) തൊടുപുഴയിലെ ലോഡ്ജിലാണ് പൊലീസ് ബന്ദിയാക്കിയത്.

2018 ലെ പ്രളയത്തില്‍ ദേവസ്യ ചാക്കോയുടെ ഒന്നര ഏക്കര്‍ കൃഷി സ്ഥലം നഷ്ടമായിരുന്നു. രണ്ടു വര്‍ഷത്തോളമായിട്ടും സഹായങ്ങളൊന്നും ലഭിക്കാതെ കടക്കെണിയിലായതോടെയാണ് ദേവസ്യ മുഖ്യമന്ത്രിയെ നേരില്‍ കാണാനായി തൊടുപുഴയില്‍ മുറി വാടകയ്‌ക്കെടുത്തത്. മുഖ്യമന്ത്രി തൊടുപുഴയില്‍ ഉള്ളതിനാല്‍ അവിടെവച്ചു നിവേദനം നല്‍കാന്‍ തീരുമാനിച്ചു.
എന്നാല്‍, സംഭവം പൊലീസറിഞ്ഞു. ഇതോടെ, ചാക്കോയുടെ മുറിയുടെ മുന്നില്‍ ഇന്നലെ രാവിലെ മഫ്തിയില്‍ 2 പൊലീസുകാരെത്തി കാവല്‍ നിന്നു. ദേവസ്യയെ പുറത്ത് ഇറങ്ങാന്‍ അനുവദിച്ചില്ല. നേരത്തേ അനുവാദം ലഭിച്ചവര്‍ക്ക് മാത്രമേ മുഖ്യനെ കാണാന്‍ സാധിക്കുകയുള്ളുവെന്നും തിരിച്ചുപോകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. മുഖ്യമന്ത്രി തൊടുപുഴയില്‍ നിന്നു പോയ ശേഷം വൈകുന്നേരം 4 മണിയോടെയാണു ദേവസ്യയെ പോകാന്‍ അനുവദിച്ചത്.