Friday, May 3, 2024
indiaNews

കാര്‍ഗില്‍ വിജയം; ഭാരതത്തിലെ യോദ്ധാക്കളുടെ വീര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകം; രാഷ്ട്രപതി

ന്യൂഡല്‍ഹി : കാര്‍ഗില്‍ വിജയ് ദിവസില്‍ രാജ്യത്തിന് വേണ്ടി പോരാടിയ സൈനികര്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു ആദരവറിയിച്ചു. നമ്മുടെ സായുധ സേനയുടെ അസാധാരണമായ വീര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് കാര്‍ഗില്‍ വിജയ് ദിവസ് എന്ന് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.                                           ”ഭാരതമാതാവിനെ സംരക്ഷിക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച എല്ലാ ധീര ജവാന്‍മാരെയും ഞാന്‍ നമിക്കുന്നു. എല്ലാ ജനങ്ങളും സൈനികരോടും അവരുടെ കുടുംബാംഗങ്ങളോടും എന്നും കടപ്പെട്ടിരിക്കും. ജയ് ഹിന്ദ്!” രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന് വേണ്ടി പോരാടിയ ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രംഗത്തെത്തിയിരുന്നു. ഭാരതാംബയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ് കാര്‍ഗില്‍ ദിവസ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.                                                                                                      നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ സൈനികര്‍ കഠിനമായ സാഹചര്യങ്ങളില്‍ ധീരമായി പോരാടിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അവരുടെ ധീരതയും അജയ്യമായ ചൈതന്യവും ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നിര്‍ണായക നിമിഷമായി എന്നെന്നേക്കും നിലനില്‍ക്കും എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.                                                                                                                           ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിവന്ന് മഞ്ഞുവീണ മലനിരകളില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തിയ പാക് സൈന്യത്തെ മൂന്ന് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സൈന്യം തുരത്തിയോടിച്ചത്. 1999 മെയ് എട്ടിന് ആരംഭിച്ച യുദ്ധം ജൂലൈ 26നാണ് അവസാനിച്ചത്. അന്ന് 527 സൈനികര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചു. ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ സൈന്യം വിജയക്കൊടി പാറിച്ച ദിവസമാണ് കാര്‍ഗില്‍ വിജയ് ദിവസ് എന്ന പേരില് ആചരിക്കുന്നത്.