Thursday, May 2, 2024
keralaNews

സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ ദേവികുളം എം.എല്‍.എ രാജയുടെ വോട്ട് റദ്ദാക്കണം, 500 രൂപ വീതം പിഴ ഈടാക്കണമെന്നും പ്രതിപക്ഷം

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ദേവികുളം എം.എല്‍.എ എ.രാജ ചെയ്ത വോട്ട് റദ്ദാക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. ആദ്യ സത്യപ്രതിജ്ഞ ക്രമപ്രകാരം അല്ലാത്തതിനെ തുടര്‍ന്ന് രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷം രാജക്കെതിരെ ആക്ഷേപം ഉന്നയിച്ചത്.ആദ്യ സത്യപ്രതിജ്ഞ നിയമപ്രകാരമല്ലാത്തതിനാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് ചട്ടവിരുദ്ധമാണ്. സാമാജികന്‍ അല്ലാതെ സഭയില്‍ ഇരുന്നതിന് ദിവസം 500 രൂപവെച്ച് പിഴ ഈടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

നിയമവിദഗ്ദ്ധരുമായി ഇക്കാര്യത്തില്‍ ആലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് വ്യക്തമാക്കി.രാജയുടെ സത്യപ്രതിജ്ഞയില്‍ അപാകതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ സ്പീക്കറുടെ ചേംബറിലെത്തി എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃഢപ്രതിജ്ഞയോ ആയിരുന്നില്ല.എ. രാജയുടെ സത്യപ്രതിജ്ഞയിലെ പിഴവ് സംബന്ധിച്ച് നിയമ വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അതിനു ശേഷം തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. നിയമ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.