Wednesday, May 22, 2024
keralaNewspolitics

ധനമന്ത്രിയെ നീക്കണം ഗവര്‍ണര്‍; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും അതുകൊണ്ട് ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ നീക്കണമെന്ന് ഗവര്‍ണര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ഗവര്‍ണര്‍. ബാലഗോപാലിന്റെ പ്രസംഗമാണ് ഇതിന് ആധാരമായി പറയുന്നത്. എന്നാല്‍ ഈ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ല എന്ന മറുപടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഈ നീക്കം ഉണ്ടായത്.        ധനമന്ത്രി കെ.എന്‍.ബാലഗോപാലില്‍ ധനമന്ത്രി എന്ന നിലയില്‍ തനിക്കുള്ള പ്രീതി നഷ്ടമായെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. ഭരണഘടന 164 പ്രകാരം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിമാരെ നിയമിക്കുന്നതെങ്കിലും, അതില്‍ ഒരു ഭാഗത്ത് ഗവര്‍ണറുടെ പ്രീതിയില്‍ മന്ത്രിക്ക് സ്ഥാനത്ത് തുടരാനുള്ള അധികാരം നല്‍കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. യുപിയിലെ ആളുകള്‍ക്ക് കേരളത്തിലെ സ്ഥിതി അറിയില്ല എന്ന് പറഞ്ഞ് നടത്തിയ പ്രസംഗം തന്നെ അപമാനിക്കുന്നതാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു. ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ്. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു. എന്നാല്‍ ഈ പ്രസംഗം ഗവര്‍ണറേയോ, രാജ്ഭവനേയോ ഗവര്‍ണറുടെ അന്തസ്സിനെയോ ഇകഴ്ത്തി കാണിക്കുന്നതല്ല എന്നും, അതിനാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്നുമാണ് മുഖ്യമന്ത്രി ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.